കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നരെ കോഴിക്കോട് വെച്ച് നടന്ന അക്രമത്തില്‍ പിന്തുണയറിയിച്ച് വടകര എം.എല്‍.എ കെ.കെ. രമ. ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും ബുധനാഴ്ച വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ലെന്നും കെ.കെ. രമ പറയുന്നു.
‘അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത്? ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവര്‍ ഏറ്റുവാങ്ങിയത്,’ കെ.കെ. രമ പറയുന്നു.
നിരന്തരമായി ആക്രമിക്കപ്പെടുമ്പോളും ബിന്ദു അമ്മിണിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനോ ആഭ്യന്തര വകുപ്പിനോ കഴിയുന്നില്ലെന്നും രമ പറഞ്ഞു.
‘നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിനും പൊലീസിനും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം,’ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.കെ. രമ പറയുന്നു.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്നും രമ കുറിക്കുന്നു.
ബുധനാഴ്ച വൈകീട്ടായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമമുണ്ടായത്. കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഐ.പി.സി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
കെ.കെ. രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത്? ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവര്‍ ഏറ്റുവാങ്ങിയത്.
നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിനും പൊലീസിനും കഴിയാത്തതെന്തുകൊണ്ടാണ്? ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.