| Friday, 10th February 2017, 10:29 pm

വടകര മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എഫ്.ഐ മര്‍ദ്ദനം ; പെണ്‍കുട്ടികളെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനികളുടെ പരാതി. വടകര മടപ്പള്ളി ഗവ.കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ക്യാമ്പസിലെ എസ്.എഫ്.ഐ നേതാക്കള്‍ തങ്ങളെ മര്‍ദ്ദിക്കുകയും അശ്ശീല ചുവയോടെ അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയുമായി രംഗത്തെത്തിയത്.

ലോ അക്കാദമി വിദ്യാര്‍ത്ഥി സമരത്തിന്റെ വിജയച്ചതിന് പിന്തുണ പ്രഖ്യാപിച്ച് മടപ്പള്ളി കോളേജില്‍ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെയാണ് കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിക്കുകയും അശ്ശീലചുവയോടെ സംസാരിച്ചതായും ആരോപണമുയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടികളാണെന്ന പരിഗണനപോലും നല്‍കിയില്ലെന്നും വിദ്യര്‍ത്ഥി സല്‍വ പറഞ്ഞു.തുടര്‍ ദിവസങ്ങളിലും അക്രമവും ഭീഷണിയുമുണ്ടായി. പരുക്കേറ്റ ആദിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.അക്രമം നടത്തിയവര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പരാതി നല്‍കിയിട്ടും മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.


Also Read:സീറ്റിനടിയില്‍ വിഷപ്പാമ്പുണ്ടെന്നറിയാതെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചത് 15ഓളം കിലോമീറ്റര്‍ 


കേരളത്തില്‍ എസ്.എഫ്.ഐയ്ക്ക് ശക്തമായ ആധിപത്യമുള്ള ക്യാമ്പസുകളിലൊന്നാണ് മടപ്പള്ളി കോളേജ്. മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചതായി മടപ്പള്ളി കോളേജില്‍ നിന്നും മുന്‍പും പരാതി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സദാചാര പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളേയും മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിനികളോടൊപ്പം നാടകം കാണാനെത്തിയ ജിജേഷ് എന്ന യുവാവിനെ ഇടിമുറിയില്‍ കൊണ്ട് പോയി തല്ലി ചതച്ചതായും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് മടപ്പള്ളി കോളേജില്‍ നിന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉയരുന്നത്.


Must Read: നാവടക്കൂ, നിങ്ങളുടെ ജാതകം മുഴുവന്‍ എന്റെ കയ്യിലുണ്ട്: കോണ്‍ഗ്രസിന് മോദിയുടെ ഭീഷണി 


We use cookies to give you the best possible experience. Learn more