ഇടതുപക്ഷമാണ് വടകരയിലെ വിഷയം. ആരാണ് ഇടതുപക്ഷം? എന്താവണം ഇടതുപക്ഷം? യഥാര്‍ത്ഥ ഇടതുപക്ഷം എന്തു ചെയ്യണം? ഒരു ദശകത്തിലേറെക്കാലമായി വടകരയിലെ രാഷ്ട്രീയരംഗത്തെ പ്രധാന ചര്‍ച്ചാവിഷയമായി അതു മാറിയിട്ടുണ്ട്. മറ്റെവിടെയുമുള്ളതിലേറെ. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും അതു ഉച്ചസ്ഥായിയിലാകും. മറ്റു വിഷയങ്ങളിലെന്നല്ല. മറ്റു വിഷയങ്ങളൊക്കെയുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പുകാലത്തെ വടകരയെ അടയാളപ്പെടുത്താന്‍ പോന്ന ഒന്നായി ‘ഇടതുപക്ഷം’ നിലനില്‍ക്കുന്നു. ആര്‍.എം.പി രൂപീകരിക്കപ്പെട്ടതിനുശേഷമാണ് അതു ഇടതുപക്ഷേതരരുടെ ദൈനംദിനരാഷ്ട്രീയ വ്യവഹാരങ്ങളില്‍പ്പോലും സജീവചര്‍ച്ചയായത്.
എന്താണ് ഇടതുപക്ഷം, ആരാണ് ഇടതുപക്ഷം എന്ന ചോദ്യം എല്ലാ കവലകളിലും സദസ്സുകളിലും ബുദ്ധിജിവിക്കൂട്ടായ്മകളിലും വാര്‍റൂമുകളിലും ചാനല്‍ ന്യൂസ്റൂമുകളില്‍പ്പോലും ചര്‍ച്ചയ്ക്കു വരും. മാധ്യമങ്ങള്‍ അതേറ്റെടുക്കും.തീര്‍ച്ചയായും, അവരവരുടെ താല്‍പര്യത്തിനനുസൃതമായി. വടകരയിലെ മത്സരത്തെ ജീവസ്സുറ്റതാക്കുന്നത് ഇടതുപക്ഷത്തെക്കുറിച്ചുള്ള ഈ സംവാദവും ഓഡിറ്റിംഗുമാണ്.
വിപ്ലവഭൂമിയായ ഒഞ്ചിയവും കര്‍ഷകസമരഭൂമിയായ കൂത്താളിയും മറ്റനേകം സമരഭൂമികളും ഉള്‍പ്പെടുന്ന വടകര അങ്ങനെ ആയില്ലെങ്കിലേ ആശ്ചര്യമുള്ളൂ. ഇടതുപക്ഷം ഇവിടെ ഒരു വികാരമാണ്.
ഒഴുകിപ്പരക്കുന്ന ഈ ചര്‍ച്ചകളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. അങ്കംവെട്ടുകളുടെ നാടായിരുന്നു. അടവുകള്‍ അതിനാല് പലമട്ട് പ്രയോഗിക്കപ്പെടും. കളരിപ്രയോഗങ്ങളുണ്ടാവും. രാഷ്ട്രീയത്തിലും ഇതെല്ലാം പ്രയോഗിക്കപ്പെടും എന്നുറപ്പുള്ളതിനാല്‍ പത്തൊമ്പതാമത്തെ അടവെന്തെന്ന് ഇവിടുത്തുകാര് കാതോര്ക്കും. ഇതിനെ ഏറ്റവും അടിത്തട്ടിലേക്കെത്തുന്ന രാഷ്ട്രീയസാക്ഷരതയായി വിശേഷിപ്പിക്കപ്പെടാറുണ്ട്. അതത്ര ശരിയാണോ എന്നറിയില്ല. എതിരാളി ആരെന്നു പരിഗണിക്കാതെ ഇടതുസ്ഥാനാര്‍ത്ഥി ജയരാജനെ തോല്‍പ്പിക്കണം എന്ന കല്പ്പറ്റ നാരായണന്റെ പ്രസംഗം ഇവിടെ സാധാരണക്കാരിലടക്കം ചര്‍ച്ച ചെയ്യപ്പെടും. ടി.പി രാജീവന്റേയും സിവിക് ചന്ദ്രന്റേയും അശോകന്‍ ചരുവിലിന്റേയും ചുള്ളിക്കാടിന്റേയും ഇലക്ഷന്‍ നിലപാടുകളെ വെറുതെ വിടില്ല വടകരക്കാര്‍.കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി വടകര മാറുന്നത് ഇതെല്ലാംകൊണ്ടുകൂടിയാണ്.
കഴിഞ്ഞ രണ്ടു തവണയും യു.ഡി.എഫ് ലോകസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലെ വിള്ളലുകള്‍ ചൂഷണം ചെയ്താണ്. ഇടതുമനസ്സിലെ പിളര്പ്പിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ലെന്നും ഇത്തവണയും ഇത് സഹായത്തിനെത്തുമെന്നും അവര്‍ കരുതുന്നു. ആര്‍.എം.പി യുടെ രൂപീകരണവും സാന്നിദ്ധ്യവുമാണ് ഇത്തരത്തില് ഇടതുവോട്ടുമണ്ഡലത്തിലെ വിള്ളലുകളിലൂടെ ജയിച്ചുകയറാനുള്ള സാഹചര്യം വടകരയിലൊരുക്കിയത്. രണ്ടുതവണ യു.ഡി.എഫിന് സ്വന്തം പ്രതീക്ഷകള്‍ക്കുമപ്പുറം ജയിച്ചുകയറാനായത് അതുകൊണ്ടുതന്നെ. ഇത്തവണ കെ.മുരളീധരന് സ്ഥാനാര്‍ത്ഥി ആയി എത്തിയതിനാല്‍ എതിര്‍പക്ഷങ്ങളില്‍നിന്ന് കൂടുതല്‍ വോട്ടുകള്‍ വാങ്ങാന്‍ കഴിയുമെന്നും യു ഡി എഫ് കരുതുന്നു. ശബരിമല യുവതീ പ്രവേശം മുതലായ വിഷയങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എടുത്ത നിലപാടുകള്‍ സംഘപരിവാര്‍ പക്ഷത്തുനിന്നും വോട്ടുകള്‍ നേടിയെടുക്കാന്‍ കാരണമാവും എന്നു ന്യായമായി അവര്‍ കണക്കുകൂട്ടുന്നു. ഇടതുപക്ഷേതര വോട്ടര്‍മാരുടെ മണ്ഡലം വലിയ ശതമാനത്തോളം കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയെ തുണയ്ക്കും എന്ന് കണക്കുകൂട്ടാന് യു.ഡി.എഫിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം ഇടതു സ്ഥാനാര്ത്ഥി പി.ജയരാജന് ആണെന്നതാണ്.
അക്രമരാഷ്ട്രീയത്തിന്റെ പ്രതിരൂപമായി എതിര്‍ സ്ഥാനാര്‍ത്ഥിയെ ചിത്രീകരിക്കാന് എളുപ്പമാണ് എന്നവര്‍ കരുതുന്നു. മാധ്യമങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ അവര്‍ക്ക് വേണ്ടുവോളം ലഭ്യമാവുന്നുണ്ട്. സി.പി.ഐ.എമ്മിന് ഇതിനെല്ലാം മറുപടിയും കൃത്യമായ ലക്ഷ്യങ്ങളും കണക്കുകൂട്ടലുകളുമുണ്ട്. അതില് ചിലതെല്ലാം ദീര്‍ഘകാലലക്ഷ്യങ്ങളാണ്. ആര്‍.എം.പിയെ ഇത്തവണ പ്രത്യക്ഷമായിത്തന്നെ യു.ഡി.എഫ് പാളയത്തില്‍ എത്തിക്കാന് കഴിഞ്ഞത് നേട്ടമായി കണക്കാക്കുന്ന ചാണക്യബുദ്ധി പാര്‍ടി ഉന്നതരുടേതാവാം. യു.ഡി.എഫ് പക്ഷത്തു പോയ ആര്‍.എം.പി യുടെ നിലപാട്, ടി.പി കൊലപാതകത്തിലുള്ള രോഷത്താല്‍ പാര്‍ടി വിട്ടവരേയും പാര്‍ടിയോട് അകല്‍ച്ച കാണിക്കുന്നവരേയും തിരിച്ചു ചിന്തിപ്പിക്കും എന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതീക്ഷ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ ഈ പ്രതീക്ഷ സഫലമായി എന്ന് കണക്കാക്കപ്പെടും.
പ്രചാരണം ഈ ദിശയില്‍ ശക്തമായിത്തന്നെ നടത്താന് സി.പി.ഐ.എമ്മിന് കഴിയുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന വടകരയെ അപ്പുറത്തെത്തിച്ച ആശയക്കുഴപ്പങ്ങളെ പരിഹരിക്കാന് ആര്‍.എം.പി യുടെ നിലപാട് സഹായിക്കും എന്നാണ് കണക്കുകൂട്ടല്‍. മണ്ഡലത്തില്‍ എല്ലായിടത്തും സജീവമായ തങ്ങളുടെ സംഘടനാ ശേഷിയും തൃണമൂല്‍. തലത്തില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെ സ്വാധീനങ്ങളും പൂര്‍ണമായും പുറത്തെടുത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പുവരുത്തുക എന്നതാണ് സി.പി.ഐ.എം തന്ത്രം. അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളുടെ ഓര്‍മയിലേയ്ക്ക് പാര്‍ടിയുടെ കേഡര്‍മാരെ കൊണ്ടുപോകാനുതകുന്ന ഒരു സ്ഥാനാര്‍ത്ഥിയാണ് യു ഡി.എഫ് നിര്‍ത്തിയതെന്നത് ഈ ദിശയിലുള്ള കാര്യങ്ങള്‍ എളുപ്പമാക്കും എന്ന വിശ്വാസവും അവര്‍ക്കുണ്ട്.
ആര്‍.എം.പിയെ സംബന്ധിച്ചിടത്തോളം വലതുപക്ഷത്തേക്ക് പൂര്‍ണമായും പോയി എന്ന ആക്ഷേപമാണ് നേരിടാനുള്ളത്. വിപ്ളവ ഇതുപക്ഷത്തിന്റെ ബദലുകള്‍ ആരാഞ്ഞാണ് പാര്‍ടിയുടെ പിറവി. അതിനാല്‍ ഇടതുപക്ഷ അണികളുടെ ചോദ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ മറുപടികള്‍ പറയേണ്ടതുണ്ട്.
സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യു.എഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഇടതുപക്ഷ മനസ്സുകള്‍ക്കിടയില്‍ ഈ ആക്ഷേപം വേഗത്തില്‍ സ്വീകാര്യമാവും എന്ന് അവര്‍ക്കറിയാവുന്നതുമാണ്. ഇന്നത്തെ സാഹചര്യത്തില്‍, സംഘപരിവാര്‍ ഭരണകൂടം ഫാസിസ്റ്റ് നടപടികള്‍ സ്വീകരിക്കുന്ന വേളയില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് പാര്‍ടിയെ വലതുപക്ഷമായി വിലയിരുത്താനാവില്ലെന്ന് സി.പി.ഐ.എം സ്‌കൂളില്‍ പഠിച്ചു വളര്‍ന്ന അനുഭാവികളെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമത്തിലാണവര്‍.
കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനായി സംഘപരിവാര്‍ തങ്ങളുടെ ഊര്‍ജം ചെലവഴിക്കുമ്പോള്‍ അതു കോണ്‍ഗ്രസിന്റ പരിമിതമായെങ്കിലുമുള്ള പുരോഗമന സ്വഭാവത്തിനുള്ള സര്‍ട്ടിഫിക്കറ്റാണെന്ന് അവര്‍ക്ക് പറഞ്ഞു നില്‍ക്കാം. പക്ഷേ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടു ദശകങ്ങളായി തുടര്‍ന്നുപോന്ന ഇടതു രാഷ്ട്രീയ പാഠശാലകളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവരില്‍ ബഹുഭൂരിപക്ഷവും എന്നതിനാല്‍ ഈ സൈദ്ധാന്തികവല്‍ക്കരണം എളുപ്പമായിരിക്കില്ല.
രണ്ട് കാര്യങ്ങളാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ പറഞ്ഞുനില്‍ക്കാന് ആര്‍.എം.പിയെ പ്രാപ്തമാക്കുന്നത്. ഒന്ന് ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം. രണ്ട് ഭാവിയില്‍ സി.പി.ഐ.എമ്മിന് തന്നെ ഇപ്പോഴുള്ള അടവുനയത്തില്‍ വ്യതിയാനം വരുത്തി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പിന്തുണ കൊടുക്കേണ്ടി വരും എന്ന സാധ്യത നിലനില്‍ക്കുന്നു എന്ന യാഥാര്ത്ഥ്യം.
ഈ സാധ്യത യാഥാര്‍ത്ഥ്യമായാല്‍ നേരെത്തെ തന്നെ ഈ നിലപാടില്‍ എത്തിച്ചേര്‍ന്ന പാര്‍ടി എന്ന നിലയില്‍ അവിടെ പ്രാമുഖ്യവും അനുഭാവികള്‍ക്കിടയില്‍ വര്‍ധിത പിന്തുണയും നേടിയെടുക്കാം എന്ന കണക്കുകൂട്ടല്‍ അവര്‍ക്കു സ്വാഭാവികമായും ഉണ്ടാവാം. അതു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ രമയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയും യു.എഡി.എഫുമായി സഖ്യത്തില്‍ എത്തിച്ചേര്‍ന്ന് വിജയിപ്പിക്കുകയും ചെയ്യുക എന്ന തുടര്‍പ്രവര്‍ത്തനത്തിലേയ്ക്ക് വികസിച്ചേക്കാം. അക്രമരാഷ്ടീയത്തിന്റെ പ്രതിനിധിയായി പി ജയരാജനെ ചൂണ്ടിക്കാണിക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള കേസുകള്‍ ഇതിന് ഉപോദ്ബലകമായി അവതരിപ്പിക്കാനും അവര്‍ക്ക് കഴിയുന്നുണ്ട്.
ടി.പിയുടെ കൊലപാതകം, അക്രമ രാഷട്രീയം, പി.ജയരാജന്‍ ഇവയെല്ലാം കൃത്യമായ അനുപാതത്തില്‍ ചേര്‍ത്താല്‍ വോട്ടു നേടാനുള്ള അവസരം വടകര മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ആര്‍.എം.പിയുടെ രാഷട്രീയ വിലയായി യു.ഡി.എഫ് കാണുന്നത്. ഈ നോട്ടം അവരുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ പൂര്‍ണമായും പിശകാണ് എന്ന് പറയാനാവില്ല.
വടക്കേ മലബാറിലേയും കടത്തനാട്ടിലെയും രാഷ്ട്രീയ ഭൂമികയില്‍ ഇത്തവണ ഇതിനെത്രമാത്രം സ്വാധീനമുണ്ടാവും എന്നു കണ്ടറിയുക തന്നെ വേണം. വിശാല ഇടതുപക്ഷത്തെ ഹൃദയപക്ഷമായി കരുതുന്നവര്‍ അതിനാല്‍ത്തന്നെ ആശയക്കുഴപ്പത്തിലാണ്. കൃത്യമായ തീരുമാനങ്ങളെടുത്ത് പക്ഷം പിടിച്ചു കഴിഞ്ഞവരേക്കാള്‍ കൂടുതലായി ഒരു പക്ഷേ സംഭവഗതികളുടെ ഉരുത്തിരിയലിനായി കാത്തിരിക്കുന്നവരായിരിക്കും ഇവരില്‍ കൂടുതല്‍ പേരും. കോണ്‍സും ബി.ജെ.പിയും മുസ്ലിം ലീഗും എല്ലാമുണ്ടെങ്കിലും, അവരൊക്കെ ആവേശപൂര്‍വ്വം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷവുമായും സി.പി.ഐ.എമ്മുമായും ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധികള്‍ തന്നെയാണ് വടകരയിലെ രാഷട്രീയ പോരാട്ടത്തെ അകത്തും പുറത്തും പൊള്ളിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുടെ നിലപാട് വടകരയിലും യു.ഡി.എഫിന് അനുകൂലമായ ഒരു ഘടകമായി വര്‍ത്തിക്കും. രാഹുല്‍-മോദി എന്നതാണ് ദേശീയ സാഹചര്യം എന്നും അവിടെ രാഹുലിനൊപ്പം ഉറച്ചു നില്‍ക്കുകയല്ലാതെ മൂന്നാമതൊരു ഓപ്ഷനെക്കുറിച്ച് ചിന്തിക്കേണ്ടതിലെന്നുമൊരു സന്ദേശം ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉണ്ടാക്കാന്‍ വെല്‍ഫയര്‍ പാര്‍ടിയുടെ നിലപാടിനു കഴിയും എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിലെ യുവതലമുറയുടെ, പ്രത്യേകിച്ച് വിദ്യാസമ്പന്നരായ വിഭാഗത്തിടയില്‍ തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുന്നതില്‍ ഇത്തരം നിലപാടുകളാണ് ചര്‍ച്ചാസൂചകങ്ങളായിത്തീരുക.
മുസ്ലിം ന്യൂനപക്ഷത്തില്‍ ഒരു വിഭാഗം എല്‍.ഡി.എഫിനോടു ആഭിമുഖ്യം കാണിക്കുന്ന,കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ദൃശ്യമായ അന്തരീക്ഷത്തെ നേര്‍പ്പിക്കാനെങ്കിലും വെല്‍ഫയര്‍ പാര്‍ട്ടി / ജമാഅത്തെ ഇസ്ലാമി നിലപാടുകള്‍ക്ക് കഴിയും. മതനിരപേക്ഷതയുടേയും ജനാധിപത്യത്തിന്റേയും നിലപാടുകള്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ ദേശീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതിലൂടെയാണ് കഴിയുക എന്ന വാദത്തിന് മുസ്ലിം സമുദായംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാന്‍ ഇതു മൂലം കഴിയും.
മതനിരപേക്ഷ വോട്ടര്‍മാര്‍ക്കിടയിലും ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയിലുമുള്ള പ്രധാന ചര്‍ച്ചാ വിഷയം ആര്‍ക്കൊപ്പം നിന്നാലാണ് ഇതിന് കഴിയുക എന്നതാണല്ലോ. ഇതിനെ മറികടക്കാനാണ് എല്‍.ഡി.എഫ് പാര്‍ലിമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയിലൂന്നി പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ടായിരത്തിനാലിലെ സര്‍ക്കാര്‍ രൂപീകരണവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അവര് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെ ഹിന്ദുത്വഫാസിസത്തോടു കണക്കുതീര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് കാണിച്ചിട്ടുള്ള ചാഞ്ചല്യവും . ഇതില്‍ തു വാദങ്ങള്‍ക്ക് വോട്ടര്‍മാര്‍ പ്രാധാന്യം കൊടുക്കും എന്നു തെരഞ്ഞെടുപ്പു കഴിഞ്ഞാലേ പറയാന്‍ കഴിയൂ. കോണ്‍ഗ്രസ് മുന്നണിയ്ക്കകത്ത് ഒരു ജൂനിയര്‍ പങ്കാളിയായി പരോക്ഷമായെങ്കിലും തെരഞ്ഞടുപ്പിനുശേഷം നിലയുറപ്പിക്കേണ്ടിവരും എന്ന അവസ്ഥ മുന്‍കൂട്ടി വോട്ടര്‍മാരോട് തുറന്നുപറയാന് സി.പി.ഐ.എമ്മിന് സ്വാഭാവികമായി സങ്കോചമുണ്ട്. ഇതിനെ മറികടക്കാനായിക്കൂടിയാണ് പ്രചാരണത്തില് സീറ്റ് വര്‍ദ്ധിപ്പിച്ചാലുണ്ടാകുന്ന ഗുണഗണങ്ങളെപ്പറ്റി സി.പി.ഐ.എം വാചാലമാകുന്നത് എന്നുവേണം കരുതാന്‍.
സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോന്നിട്ടുണ്ടെങ്കിലും ചിന്തയിലും പ്രവൃത്തിയിലും സി.പി.ഐ.എം സ്‌കൂളില്‍ തന്നെ തുടരുന്ന പാര്‍ടിയാണ് ആര്‍.എം.പി എന്നും അതിനാല്‍ തന്നെ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള ആര്‍.എം.പി തീരുമാനത്തില്‍ അത്ഭുതമില്ലെന്നുമുള്ള നിലപാടാണ് പല എം.എല്‍ ഗ്രൂപ്പുകള്‍ക്കും മറ്റു ഇടതുവിമോചനസംഘടനകള്‍ക്കും.
നവീനമായ ഒരു ഇടതു ബദല്‍പ്പാത വെട്ടിത്തുറക്കാനുള്ള രാഷ്ടീയ ഇച്ഛാശക്തി ആര്‍.എം.പിയ്ക്ക് ഇല്ലെന്നും അവര്‍ വിമര്‍ശിക്കുന്നു. സി.പി.ഐ എം.എല്‍ റെഡ് സ്റ്റാര്‍ വടകരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേത് താത്കാലിക തന്ത്രമാണെന്നും കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയത്തിനെതിരെ ഭാവിയില്‍ സമരരംഗത്തെത്തുന്നതോടെ പാര്‍ടിയുടെ ഇടതുനിലപാട് വ്യക്തമാക്കപ്പെടുമെന്നും ആര്‍.എം.പി ഇടതു അഭ്യുദയകാംക്ഷികളെ ഓര്‍മിപ്പിക്കുന്നു.
വടകരയുടെ ഇടതുഹൃദയത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള വിവിധ ഇടതുപക്ഷപാര്‍ട്ടികളുടെ പരിശ്രമങ്ങളാണ് ഇതിലൊക്കെയും വെളിപ്പെടുന്നത്. ഒപ്പം മതേതരവാദികള്‍, വിവിധ ന്യൂനപക്ഷങ്ങള്‍, ലിബറലുകള്‍, സ്ത്രീപക്ഷ പ്രവര്‍ത്തകര്‍, റാഡിക്കലുകള്‍, സ്വതന്ത്ര ഇടതുപക്ഷക്കാര്‍.. ഇവരുടെയെല്ലാം വോട്ടുറപ്പിക്കല്‍ ഇത്തരം വ്യക്തമാക്കലുകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മറ്റുള്ള പരമ്പരാഗത കക്ഷിരാഷ്ടീയവോട്ടുകള്‍ തുല്യമായിപതിവുപോലെ വിഭജിക്കപ്പെടുന്നതോടെ സംജാതമാകുന്ന സന്തുലിതാവസ്ഥ ഏതെങ്കിലും ഒരു ഭാഗത്തേക്ക് വഴിമാറുന്നത് ഈ വിഭാഗങ്ങളുടെ ഐക്യദാര്‍ഢ്യത്താടെയാണ്. ഒരുപക്ഷേ വടകരയില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത ഈ ജനവിഭാഗങ്ങളെ സ്വാധീനിക്കാനുള്ള അവസാനപരിശ്രമങ്ങളിലാണ് എല്ലാ ഇടതുപക്ഷവും.
കവര്‍ഫോട്ടോ – മുഹമ്മദ് ഫാസില്‍