മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേരെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നവാബ് മാലിക്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം വാക്‌സിന്‍ എല്ലാവരിലും എത്തിക്കാന്‍ കഴിയാത്ത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
’12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത്. സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമമാണ് നേരിടുന്നത്. ഒരു കോടി ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.എം.സി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്’, മാലിക് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വലിയ തോതില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം സബ്‌സിഡി നല്‍കണമെന്നും നവാബ് മാലിക് പറഞ്ഞു. അതനുസരിച്ച് കമ്പനികള്‍ക്ക് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കൊവിഡ് വാക്സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയാണ് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്ര വ്യാപനത്തിലെത്തുകയും അതേസമയത്ത് തന്നെ വാക്സിന്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കൊവിഡ് വ്യാപനം കുറഞ്ഞ വിദേശ രാജ്യങ്ങളിലേക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ കയറ്റിയയച്ചിരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുകയാണെന്ന് വ്യക്തമാക്കുന്ന നടപടികളുമായി സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കമാണ് വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക