| Sunday, 13th December 2020, 1:11 pm

വാക്‌സിന്‍ കൊവിഡ് ചികിത്സയുടെ ഭാഗം; മുഖ്യമന്ത്രിക്കെതിരായ ആരോപണം ബാലിശമെന്നും എ.വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തത്തോടെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സൗജന്യ വാക്സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ കൊവിഡ് ചികിത്സയുടെ ഭാഗമാണ്, കൊവിഡ് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ വാക്സിന്‍ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

വാക്‌സിനെ കുറിച്ച് പറഞ്ഞതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നിയമഭാകക്ഷി ഉപനേതാവ് കെ.സി ജോസഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും പരാതിയുമായി രംഗത്തെത്തി.

കൊവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ചോ അതെന്ന് കേരളത്തിലെത്തുമെന്നത് സംബന്ധിച്ചോ ഒരു വിധത്തിലുള്ള അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ആരില്‍ നിന്നും പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, അതേസമയം എത്രകണ്ട് വാക്സിന്‍ ലഭിക്കുമെന്ന് അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫഡ് വാക്സിന് 500 മുതല്‍ ആയിരം രൂപയായിരിക്കും ചിലവ്. ഇത് സൗജന്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vaccine is part of Covid treatment; A. Vijayaraghavan said the allegations against the Chief Minister was childish

We use cookies to give you the best possible experience. Learn more