| Wednesday, 21st April 2021, 8:07 am

പതിനെട്ട് വയസ്സു പൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും; യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മെയ് ഒന്നു മുതല്‍ പതിനെട്ട് വയസ്സു കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും യോഗി പറഞ്ഞു.

പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊറോണ ഇല്ലാതാക്കും. രാജ്യം വിജയിക്കും’, യോഗി ട്വിറ്ററിലെഴുതി.

അതേസമയം യു.പിയില്‍ കൊവിഡ് അതി വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിലുള്ളില്‍ 30000ലധികം കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് യു.പി സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞത്.

മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി തങ്ങള്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.

യു.പിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്.
ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍, പ്രയാഗ്രാജ്, തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Vaccine Free For All Above 18 Says Yogi Adityanath

We use cookies to give you the best possible experience. Learn more