ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന അഭ്യന്തരമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.
നേരത്തെ കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലായിരുന്നു മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. നവംബര്‍ 20 നാണ് മന്ത്രി കൊവാക്‌സിന്‍ എടുത്തത്. നേരത്തെയും കൊവാക്‌സിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു.
വാക്സിന്‍ ട്രയല്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയല്‍ നിര്‍ത്തിവെക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്സിന്‍ വികസിപ്പിച്ചത്.
ആഗസ്തില്‍ നടന്ന ആദ്യ ട്രയലില്‍ വാക്സിന്‍ സ്വീകരിച്ച 35 കാരന് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ സ്ഥീരീകരിച്ചിരുന്നു. മുന്‍പ് ഒരു അസുഖവുമില്ലാതിരുന്ന യുവാവിന് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചിട്ടും വാക്സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചില്ല എന്നാണ് ഉയരുന്ന ആരോപണം.
സാധാരണയായി വാക്സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ട്രയല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതാണ് നടപടി. പിന്നീട് വിദഗ്ധ പരിശോധനയ്ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഗവേഷണം വീണ്ടും തുടരുകയുള്ളൂ.
ഈ നടപടി ക്രമം പാലിച്ചില്ല എന്നും പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചുവെന്നുമാണ് കൊവാക്സിനെതിരെ ഉയരുന്ന വിമര്‍ശനം. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച ഫലം നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 16ന് കൊവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍ തുടങ്ങുകയായിരുന്നു.
എന്നാല്‍ വാക്സിന്‍ ട്രയലില്‍ പങ്കെടുത്തയാള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായത് സെന്‍ട്രല്‍ ഡ്രഗ്സ് സ്സാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ അറിയിച്ചിരുന്നെന്ന് ഭാരത് ബയോടെക് പറഞ്ഞത്.
ഇതില്‍ പ്രശ്നം വാക്സിന്റേതല്ലെന്ന് കണ്ടെത്തിയെന്നും എല്ലാ വാക്സിന്‍ ട്രയലിലും ചില പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നും അതു ഗൗരവമാകുമ്പോഴാണ് പ്രശ്നമെന്നും ഭാരത് ബയോടെക് പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആപ്പ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകവെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.