ബീജിങ്ങ്: കൊവിഡ് 19 ലോകത്ത് വലിയ സാമ്പത്തിക ആഘാതങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയില്‍ ചൈനയുടെ സോങ് ഷാന്‍ഷാന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായിരിക്കുകയാണ്.
ഇന്ത്യയുടെ മുകേഷ് അംബാനിയേയും ചൈനയുടെ ജാക്ക് മായെയും പിന്നിലാക്കിയാണ് അതിസമ്പന്നനായുള്ള ഷാന്‍ഷാന്റെ കുതിച്ചു ചാട്ടം. ഈ സാമ്പത്തിക വര്‍ഷം മാത്രം 7 ബില്ല്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് ഷാന്‍ഷാന്റെ ആസ്തിയിലുണ്ടായിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആകെ ആസ്തി ഇപ്പോള്‍ 77.8 ബില്ല്യണ്‍ ഡോളറാണ്. ഇതോടെ ലോകത്തിലെ തന്നെ പതിനൊന്നാമത്തെ സമ്പന്നനായി ഷാന്‍ഷാന്‍മാറി.
ബ്ലൂംബര്‍ഗിന്റെ ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട കമ്പനിയില്‍ ഓഹരി വാങ്ങിയതാണ് ഷാന്‍ഷാനെ നേട്ടത്തിലേക്ക് കുതിക്കാന്‍ സഹായിച്ചത്.
ലോണ്‍ വൂള്‍ഫ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഷാന്‍ഷാന്റെ കരിയറിന്റെ തുടക്കം ജേണലിസത്തിലൂടെയായിരുന്നു. പിന്നീട് അദ്ദേഹം കൂണുവളര്‍ത്തലിലേക്കും ആരോഗ്യ മേഖലയിലേക്കും കടന്നു.
വാക്‌സിന്‍ വികസന കമ്പനിയായ ബിജിങ്ങ് വാണ്ടായ് ബയോളജിക്കല്‍ പബ്ലിക്ക് ഏറ്റെടുത്തതോടെയാണ് ഷാന്‍ഷാന്റെ ആസ്തിയില്‍ കുതിച്ചുചാട്ടമുണ്ടായത്. മൂന്ന് മാസത്തിന് ശേഷം അദ്ദേഹം തന്റെ കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിനെ ഹോങ്കോങ്ങില്‍ പരസ്യമായി ലിസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെക്കാള്‍ നേട്ടം ഷാന്‍ഷാന്‍ ഉണ്ടാക്കിയത്. ബീജിങ്ങ് വാണ്ടായ് ബയോളജിക്കലിന്റെ ഓഹരികള്‍ 2000 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
കൊവിഡ് 19 വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നവരില്‍ ഈ കമ്പനിയും ഉള്‍പ്പെടുന്നുണ്ട്.
കൊവിഡ് മഹാമാരിയില്‍ ആഗോളതലത്തില്‍ ലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിസമ്പന്നര്‍ കൊവിഡ് കാലത്തും വലിയ നേട്ടമാണ് ഉണ്ടാക്കിയത്.
ആമസോണ്‍, ഫേസ്ബുക്ക്, മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, ആലിബാബ ഗ്രൂപ്പ് എന്നിവരും കൊവിഡ് കാലത്ത് നേട്ടമുണ്ടാക്കിയിരുന്നു.