national news
'അത് നടക്കുമെന്ന് തോന്നുന്നില്ല'; ജൂലൈയോടെ 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ട്, തള്ളി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 27, 10:49 am
Tuesday, 27th July 2021, 4:19 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജൂലൈയില്‍ ലക്ഷ്യം വെച്ചിരുന്ന വാക്‌സിനേഷന്‍ പൂര്‍ത്തികരിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈയില്‍ 13.5 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യം.

എന്നാല്‍ ഞായറാഴ്ച വരെ 9.94 കോടി ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരാശരി 38.26 ലക്ഷം വാക്‌സിനാണ് പ്രതിദിനം നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ 12.5 കോടി വാക്‌സിന്‍ ഡോസുകള്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കാനാകൂ.

13.5 കോടി എന്ന ലക്ഷ്യത്തിലെത്താന്‍ പ്രതിദിനം 60 ലക്ഷം വാക്‌സിന്‍ വിതരണം ചെയ്യണം. എന്നാല്‍ ജൂലൈയില്‍ രണ്ട് തവണ മാത്രമാണ് ഇത്രയധികം വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

നേരത്തെ ജൂലൈയോടെ 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്.

ഇതുവരെ 43.51 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. 34 കോടി പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 9.3 കോടിയാളുകളാണ് രണ്ട് ഡോസും എടുത്തിട്ടുള്ളത്.

അതേസമയം നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വാക്‌സിന്‍ കഴിഞ്ഞതിനാല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചിരുന്നു.

ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഢ്, ദല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ്, കേരളം, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ 18-44 വയസ് പ്രായമുള്ള 10 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി.

ജനുവരി മുതല്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 45.7 കോടി ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘ജൂലൈ 31 നകം 6.03 കോടി ഡോസുകള്‍ അധികമായി വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി മുതല്‍ ജൂലൈ 31 വരെ മൊത്തം 51.73 കോടി ഡോസുകള്‍ വിതരണം ചെയ്യും,’ പ്രസ്താവനയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vaccination pace drops, July target likely to be missed