ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യ മികച്ചുനിന്നുവെന്നും ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികളിലേക്ക് രാജ്യം കടക്കുകയാണെന്നും ജനുവരി 3 മുതല്‍ 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു. 15നും 18നും ഇടയിലുള്ള കൗമാരക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ലോകത്തില്‍ തന്നെ ആദ്യത്തെ ഡി.എന്‍.എ ഒറിജിന്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് എന്ന പേര് പറയാതെ പ്രിക്കോഷണറി ഡോസ് എന്ന പേരാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഒമിക്രോണ്‍ അടക്കം പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍കരുതലെന്നോണം ഒരു ഡോസ് വാക്‌സിന്‍ കൂടി നല്‍കുന്നത്. ജനുവരി 10 മുതലാണ് ഇവര്‍ക്ക് പിക്കോഷണറി ഡോസ് നല്‍കുക.
9.30നായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് മൂന്ന് സുപ്രധാന വിഷയങ്ങള്‍ അവതരിപ്പിച്ച് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.