വാക്‌സിനേഷന്‍ കഴിഞ്ഞവരിലും ഡെല്‍റ്റ വകഭേദം പടരുന്നു; കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും മാസ്‌ക് ധരിക്കാനാവശ്യപ്പെട്ട് അമേരിക്ക
World News
വാക്‌സിനേഷന്‍ കഴിഞ്ഞവരിലും ഡെല്‍റ്റ വകഭേദം പടരുന്നു; കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും മാസ്‌ക് ധരിക്കാനാവശ്യപ്പെട്ട് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th July 2021, 9:25 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് യു.എസ്. ആരോഗ്യ വകുപ്പ്. കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലുള്ളവരോടാണ് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവനയിറക്കിയത്. കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും കൊവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

വാക്‌സിനേഷന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റു സ്റ്റാഫുകളും സന്ദര്‍ശകരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഡെല്‍റ്റ വകഭേദം അമേരിക്കയില്‍ വ്യാപകമാകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് മാസ്‌ക് അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങളിലേക്ക് അമേരിക്ക തിരിച്ചു വരുന്നത്.

വാക്‌സിനേഷന്‍ കഴിഞ്ഞവരിലും ഡെല്‍റ്റ പടര്‍ന്നുപിടിക്കുന്നതായി യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയത്.

കൂടുതല്‍ മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്.

രാജ്യത്തെ 20 ലക്ഷത്തിലേറെ വരുന്ന ഫെഡറല്‍ ഉദ്യോഗസ്ഥരില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ പറ്റി ആലോചിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  Vaccinated People In High Covid-Risk Areas Of US Need To Mask Again