| Monday, 8th January 2024, 2:16 pm

മുസ്‌ലിങ്ങൾ പള്ളികളിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകണം, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കും: കർണാടക മുൻ മന്ത്രി ഈശ്വരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തർക്ക ഭൂമികളിലെ പള്ളികളിൽ നിന്ന് മുസ്‌ലിങ്ങൾ സ്വയം ഒഴിഞ്ഞു പോകണമെന്ന് മുൻ കർണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പ. സ്വയം ഒഴിഞ്ഞുപോയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഈശ്വരപ്പ പറഞ്ഞു.

കർണാടകയിലെ ബലാഗവിയിൽ ഹിന്ദു പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മധുര ഉൾപ്പെടെ രണ്ട് സ്ഥലങ്ങൾ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നയുടൻ, ഇന്നോ നാളെയോ ആകട്ടെ. ഞങ്ങൾ ക്ഷേത്രങ്ങളുടെ നിർമാണം ആരംഭിക്കും. അതിൽ യാതൊരു സംശയവുമില്ല.

പള്ളി നിർമ്മിച്ച സ്ഥലങ്ങളിൽ നിന്ന് നിങ്ങൾ (മുസ്‌ലിങ്ങൾ) സ്വയം ഒഴിഞ്ഞു പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. എത്രപേർ കൊല്ലപ്പെടുമെന്നോ എന്തെല്ലാം സംഭവിക്കുമെന്നോ ഞങ്ങൾക്ക് പറയാനാകില്ല,’ ഈശ്വരപ്പ പറഞ്ഞു.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകുമെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു.

‘ജനുവരി 22ന് ലോകം മുഴുവൻ അയോധ്യയിലേക്ക് ഉറ്റുനോക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് അനുകൂലമാണ് കോടതി നടപടികൾ. മധുരയിലെ കൃഷ്ണ ക്ഷേത്രത്തിൽ സർവ്വേ നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. എല്ലാം ഓരോന്നോരോന്നായി നടക്കും,’ ഈശ്വരപ്പ പറഞ്ഞു.

ഡിസംബറിലും ബി.ജെ.പി നേതാവ് സമാനമായ പരാമർശം നടത്തിയിരുന്നു. രാജ്യത്ത് ക്ഷേത്രം പൊളിച്ചു പണിത ഒരു പള്ളിയെയും വെറുതെ വിടില്ല എന്നായിരുന്നു അന്ന് പറഞ്ഞത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയിക്കാൻ ബി.ജെ.പിക്ക് മുസ്‌ലിങ്ങളുടെ വോട്ട് വേണമെന്നില്ലെന്നും മുമ്പ് പറഞ്ഞിരുന്നു.

Content Highlight: ‘Vacate mosques or else…’: Karnataka BJP leader KS Eshwarappa

We use cookies to give you the best possible experience. Learn more