ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളിലായി 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒഴിവുകള്‍ പ്രഖ്യാപിച്ചു. അസം, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടും ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യസഭാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച വിഞ്ജാപനം പുറത്തിറക്കി.
ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സീറ്റുകളിലേക്കാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാലിന്റെ സീറ്റിലും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പിയൂഷ് ഗോയല്‍, ബിപ്ലബ് ദേബ്, ജ്യോതിരാദിത്യ സിന്ധ്യ, ദീപീന്ദര്‍ സിങ് ഹൂഡ, മിസ ഭാരതി, സര്‍ബാനന്ദ സോനോവാള്‍ എന്നിവരുടെ സീറ്റുകളിലും ഒഴിവുകള്‍ പ്രഖ്യാപിച്ചു. ഇവര്‍ക്കുപുറമെ കാമാഖ്യ പ്രസാദ് താസ- അസം, സര്‍ബാനന്ദ സോനോവാള്‍-അസം, മിഷ ഭാരതി-ബീഹാര്‍, വിവേക് താക്കൂര്‍-ബീഹാര്‍, ഉദയന്‍രാജെ ഭോന്‍സ്ലെ-മഹാരാഷ്ട്ര, കുമാര്‍ ദേബ്-ത്രിപുര എന്നിവരുടെ സീറ്റുകളിലേക്കാണ് ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം രാജസ്ഥാനിലെ സീറ്റ് ഒഴിവ് ബി.ജെ.പിയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. 2018 രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 200 സീറ്റുകളില്‍ 99ഉം കോണ്‍ഗ്രസ് നേടിയിരുന്നു. ബി.ജെ.പി 73 സീറ്റുകളും.
എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, 2023 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 69 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ബി.ജെ.പി 115ലേക്കാണ് ഉയര്‍ന്നത്. പൊതുതെരഞ്ഞെടുപ്പിലും ഇന്ത്യാ സഖ്യത്തിന് രാജസ്ഥാനില്‍ അടിപതറിയിരുന്നു. ഇതെല്ലം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വത്തിലാകും.
Content Highlight: Vacancies for 10 Rajya Sabha seats in seven states have been announced