പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ താന്‍ ചെയ്യുന്ന സിനിമകള്‍ എങ്ങനെയുള്ളതാകുമെന്ന് ആദ്യമേ പറഞ്ഞുവെച്ച സംവിധായകനാണ് മാരി സെല്‍വരാജ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മരോഷം ഓരോ സിനിമയിലും പ്രതിഫലിപ്പിച്ച മാരിയുടെ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കണ്ട ശേഷം തമിഴ് സംവിധായകന്‍ ബാല വാക്കുകള്‍ കിട്ടാതെ മാരിയുടെ കൈ പിടിച്ച് ഇരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേ അവസ്ഥ തന്നെയാണ് ഓരോ പ്രേക്ഷകനും തോന്നുന്നത്.
മാരി സെല്‍വരാജ് തന്റെ മുന്‍ അഭിമുഖത്തില്‍ പറയുന്നതുവെച്ച് നോക്കിയാല്‍ അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിലെ ആദ്യസിനിമയായി വാഴൈയെ കണക്കാക്കാം. ചൂഷണം കാരണം നാടുവിടാന്‍ നോക്കുന്ന ബാലന്റെ കഥ പറയുന്ന വഴൈ ഒന്നാമതും, അടിച്ചമര്‍ത്തലിനെതിരെ ആയുധമെടുത്ത് പോരാടുന്നവന്റെ കഥ പറയുന്ന കര്‍ണന്‍ രണ്ടാമത്തെ സിനിമയായും, അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ വിദ്യാഭ്യാസം കൊണ്ട് പോരാടുന്ന പരിയേറും പെരുമാള്‍ മൂന്നാമത്തെ സിനിമയായും, അടിച്ചമര്‍ത്തപ്പെട്ടവന്‍ രാഷ്ട്രീയം കൊണ്ട് പോരാടുന്ന മാമന്നന്‍ നാലാമതുമായി കാണുമ്പോള്‍ സമൂഹത്തിന്റെ മാറ്റം ഈ സിനിമകളിലൂടെ നമുക്ക് കാണാന്‍ സാധിക്കും.
1999ല്‍ തൂത്തുക്കുടിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മാരി വാഴൈ ഒരുക്കിയത്. അതിനോടൊപ്പം സ്വല്പം ഫിക്ഷനും മാരി കഥയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശിവനൈന്ദന്‍, ശേഖര്‍ എന്നീ രണ്ട് കുട്ടികളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ സ്‌കൂളില്‍ പോയ ശേഷം ശനിയും ഞായറും തുച്ഛമായ പൈസക്ക് വാഴക്കുല ചുമക്കാന്‍ പോകേണ്ടി വരുന്ന അവസ്ഥയെ രണ്ട് പേരും വെറുക്കുന്നുണ്ട്.
ഗ്രാമത്തില്‍ നിന്ന് വാഴക്കുല ചുമക്കാന്‍ പോകുന്നവരെ മുഴുവന്‍ ചൂഷണം ചെയ്യുന്ന മുതലാളിത്തത്തെ ആദ്യാവസാനം സിനിമയില്‍ കാണാം. ഇടക്കിടെ വരുന്ന കമ്മ്യൂണിസവും അംബേദ്കറിസവും സിനിമ വിളിച്ചു പറയുന്ന രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നു. പുസ്തകത്തിന്റെ കവറില്‍ അംബേദ്കറിന്റെ ഫോട്ടോയും ശിവനൈന്ദന്റെ അച്ഛന്റെ പെട്ടിയിലുള്ള അരിവാള്‍ ചുറ്റിക നക്ഷത്രവും എല്ലാം അത്തരം പ്രതീകങ്ങളാണ്.
ഓരോ ഡയലോഗിലും വ്യക്തമായ രാഷ്ട്രീയം മാരി വരച്ചിടുന്നുണ്ട്. സമരം ചെയ്ത് കൂട്ടിക്കിട്ടിയ ഒരു രൂപ മുതലാളിയുടെ ഔദാര്യമല്ലെന്നും അത് അവകാശമാണെന്നും ഓര്‍മിപ്പിക്കുന്ന ഡയലോഗിലൂടെ ശക്തമായ രാഷ്ട്രീയമാണ് മാരി സെല്‍വരാജ് പറയുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ചൂഷണത്തിനിരയാകേണ്ടി വരുന്ന ജനതയുടെ നിസഹായാവസ്ഥയെ യാതൊരു ഏച്ചുകെട്ടലുമില്ലാതെ ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്. അതിനോട് പഴയ തലമുറ പൊരുത്തപ്പെട്ടു പോകാമെന്ന് തീരുമാനിക്കുമ്പോഴും എതിര്‍ത്തു നില്‍ക്കുന്ന പുതുതലമുറയെ മാരി അവതരിപ്പിച്ച രീതിയും മികച്ചതായിരുന്നു.
കലൈയരസന്‍, നിഖില വിമല്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ പരിചിതമല്ലാത്ത മുഖങ്ങളാണ് സിനിമയില്‍ മുഴുവനും. എന്നാല്‍ ആദ്യാവസാനം അവരുടെ പെര്‍ഫോമന്‍സാണ് സിനിമയെ താങ്ങി നിര്‍ത്തുന്നതും. ശിവനൈന്ദനായി വന്ന പൊന്‍വേല്‍, ശേഖറായി വേഷമിട്ട രാഹുല്‍ എന്നിവര്‍ ഒരു സീനില്‍ പോലും അഭിനയിക്കുന്നതായി തോന്നിയിട്ടില്ല. വേമ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യ ദുരൈസാമി, ശിവനൈന്ദന്റെ അമ്മയായി വന്ന ജാനകി എന്നിവരുടെ പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
കലൈയരസന്‍ അവതരിപ്പിച്ച കനിയും, വേമ്പുവും തമ്മിലുള്ള പ്രണയത്തെ സംവിധായകന്‍ അവതരിപ്പിച്ച രീതിയും, കമല്‍ ഹാസന്‍, രജിനികാന്ത് റഫറന്‍സ് സീനുകളും സിനിമയെ ഹൃദ്യമാക്കി. രണ്ട് നടന്മാര്‍ക്കും തമിഴ് സംസ്‌കാരത്തിലുള്ള സ്വാധീനം എത്രത്തോളമുണ്ടെന്ന് മാരി സെല്‍വരാജ് കാണിച്ചുതരുന്നുണ്ട്.
സന്തോഷ് നാരായണന്റെ ഗാനങ്ങളും ചിത്രത്തിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്. എന്‍ഡ് ടൈറ്റില്‍ തെളിയുമ്പോള്‍ വരുന്ന പാട്ട് ഹൃദയത്തില്‍ തറക്കുന്ന തരത്തിലായിരുന്നു. തേനി ഈശ്വറിന്റെ ഛായാഗ്രഹണത്തയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ചില ഫ്രെയിമുകള്‍ സിനിമ കണ്ടിറങ്ങിയാലും മനസില്‍ തങ്ങി നില്‍ക്കും. മോണോക്രോമില്‍ കാണിച്ച ക്ലൈമാക്‌സ് രംഗങ്ങളും മികച്ചതായിരുന്നു. പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ എന്നീ സിനിമകള്‍ പോലെ മാരി സെല്‍വരാജിന്റെ ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമ തന്നെയാണ് വാഴൈ.
Content Highlight: Vaazhai movie review