വെറും നാല് കോടി മുടക്കി നേടിയത് കോടികള്‍; ഒടുവില്‍ വാഴ ഒ.ടി.ടിയില്‍ എത്തുന്നു
Entertainment
വെറും നാല് കോടി മുടക്കി നേടിയത് കോടികള്‍; ഒടുവില്‍ വാഴ ഒ.ടി.ടിയില്‍ എത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th September 2024, 6:04 pm

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ട് ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത് എത്തിയ സിനിമയായിരുന്നു ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയിലാണ് ഈ സിനിമ ഒരുങ്ങിയത്.

സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍, സാഫ് ബോയ്, അനുരാജ് ഒ.ബി. എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളാണ് വാഴയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഓഗസ്റ്റ് പതിനഞ്ചിന് തിയേറ്ററില്‍ എത്തിയ സിനിമക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ ഒ.ടി.ടി. റിലീസിനൊരുങ്ങുകയാണ് വാഴ. സെപ്റ്റംബര്‍ 23ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. അതേസമയം നാല് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വാഴ 40 കോടിയാണ് നേടിയത്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് അഞ്ച് കോടിയില്‍ അധികം കളക്ഷന്‍ നേടാന്‍ സാധിച്ചിരുന്നു. ചിത്രം റിലീസ് ദിവസം ഒന്നര കോടിയോളം കളക്ഷന്‍ നേടിയിരുന്നു.

നീരജ് മാധവ് നായകനായ ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് വാഴ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ അതിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.

ചിത്രം WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഭാഗം നിര്‍മിച്ചത്.

ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണന്‍ മോഹന്‍, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് രാജ്, സവിന്‍.

സൗണ്ട് ഡിസൈന്‍: അരുണ്‍.എസ് മണി, സൗണ്ട് മിക്സിങ്: വിഷ്ണു സുജതന്‍, ആക്ഷന്‍ ഡയറക്ടര്‍: കലൈ കിങ്സണ്‍, ഡി.ഐ: ജോയ്നര്‍ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്: ടെന്‍ ജി മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, ഡിസൈന്‍: യെല്ലോ

Content Highlight: Vaazha Movie OTT Streaming In Disney Hotstar On September 23