Vaazha| അമിത് ഒരിക്കലുമൊരു മിസ്‌കാസ്റ്റല്ല; ആ സീനെങ്ങനെ കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് റിലേറ്റബിളല്ലാതാകും?
Cinema
Vaazha| അമിത് ഒരിക്കലുമൊരു മിസ്‌കാസ്റ്റല്ല; ആ സീനെങ്ങനെ കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് റിലേറ്റബിളല്ലാതാകും?
വി. ജസ്‌ന
Tuesday, 24th September 2024, 8:24 pm

ചിലര്‍ വിമര്‍ശിക്കുമ്പോള്‍ വലിയ ഒരു കൂട്ടം ആളുകള്‍ക്ക് റിലേറ്റബിളായ സീന്‍, വാഴ സിനിമയിലെ ക്ലൈമാക്‌സിനോട് ചേര്‍ന്ന് വരുന്ന ഒരു സീനിനെ പറ്റിയാണ് പറയുന്നത്. അങ്ങേയറ്റം ടോക്‌സിക്കായ അച്ഛന്‍ തന്റെ മുന്നില്‍ വെച്ച് അമ്മയെ അടിക്കുകയാണ്. ആ സമയത്ത് ‘അമ്മയെ അടിക്കല്ലേ അച്ഛാ’യെന്ന് നിലവിളിയോടെ പറയുകയാണ് വിഷ്ണു.

പിന്നെ നിലതെറ്റി നിലവിളിച്ച് കൊണ്ട് മുറിയിലെ സാധനങ്ങള്‍ അവന്‍ തട്ടിതെറിപ്പിച്ചു. ഒടുവില്‍ കൈയ്യില്‍ കിട്ടിയ ഫ്‌ളവര്‍ വേഴ്‌സ് എടുത്ത് അച്ഛനെ അടിക്കാന്‍ ആഞ്ഞു. എന്നാല്‍ അച്ഛനെ അടിക്കാന്‍ ആകാതെ അവന്‍ കരഞ്ഞു കൊണ്ട് ഫ്‌ളവര്‍ വേഴ്‌സുമായി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.

നിനക്ക് എന്നെ അടിക്കണോയെന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ നിലവിളിച്ച് കൊണ്ട് വേണ്ടെന്ന് പറയുന്നു. അച്ഛന് മുന്നില്‍ നിന്ന് നിലതെറ്റി നിലവിളിക്കുന്ന ആ ചെറുപ്പക്കാരനെ കേരളത്തിലെ പല ആണ്‍കുട്ടികള്‍ക്കും റിലേറ്റ് ചെയ്യാന്‍ ആകുന്നതാണ്.

വാഴയെന്ന സിനിമ തിയേറ്ററില്‍ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞ സീനുകളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ഈ സീനിനും അഭിനയിച്ച നടനുമെതിരെ ട്രോളുകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി.

ആ കഥാപാത്രമായി എത്തിയ അമിത് മോഹന്റേത് ഒരു മിസ്‌കാസ്റ്റായി പോലും പറയുന്നത് കേള്‍ക്കുന്നു. പക്ഷെ എങ്ങനെയാണ് അതൊരു മിസ് കാസ്റ്റാകുന്നത്? ആ സീന്‍ എങ്ങനെയാണ് കുറച്ച് പേര്‍ക്ക് മാത്രം റിലേറ്റ് ചെയ്യാന്‍ പറ്റാതെയായി പോയത്?

മലയാളത്തില്‍ ഏറ്റവും പുതുതായി ഒ.ടി.ടിയില്‍ എത്തിയ ചിത്രമാണ് വാഴ. ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തിയ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ട് എത്തിയ ഈ സിനിമയില്‍ സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍, സാഫ് ബോയ്, അനുരാജ് ഒ.ബി. ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളാണ് പ്രധാനവേഷത്തില്‍ എത്തിയത്.

ചിത്രത്തില്‍ അമിത് മോഹന്‍ അവതരിപ്പിച്ച വിഷ്ണുവെന്ന കഥാപാത്രത്തിന്റെ അച്ഛനായി എത്തിയത് കോട്ടയം നസീറായിരുന്നു. ഏറെ ടോക്സിക്കായ ഒരു അച്ഛനാണ് അയാള്‍. മകന്റെ ഇഷ്ടങ്ങള്‍ കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് അവന്‍ വളരണമെന്നും തനിക്ക് ഇഷ്ടമുള്ള കരിയര്‍ അവന്‍ തെരഞ്ഞെടുക്കണമെന്നും വാശിപിടിക്കുന്ന ആളാണ്.

അത്തരം അച്ഛന്‍മാര്‍ നമ്മുടെ കേരളത്തിലെ പല വീടുകളിലുമുണ്ട്. പല മക്കളും ഒടുവില്‍ സഹിക്കാനാകാതെ വിഷ്ണുവിനെ പോലെ അച്ഛന് മുന്നില്‍ നിലതെറ്റുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ടാകും. ആ സമയത്ത് വിഷ്ണുവിനെ പോലെ തന്നെയാകും അവരും പ്രതികരിച്ചിട്ടുണ്ടാകുക.

എത്രയൊക്കെ പറഞ്ഞാലും അച്ഛനോട് ദേഷ്യപ്പെട്ടാല്‍ അവസാനം കരഞ്ഞു പോകും. അച്ഛനെ അടിക്കാന്‍ ഓങ്ങിയാലും അതിന് സാധിക്കാതെ തരിച്ചു നിന്നുപോയി കാണും. അതുകൊണ്ട് തന്നെയാണ് വലിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് വിഷ്ണുവിനെ ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നത്.

സിനിമയില്‍ വിഷ്ണു തന്റെ ജീവനെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം സന്ദര്‍ഭത്തിലൂടെ പല ആണ്‍കുട്ടികളും കടന്നു പോയിട്ടുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഈ സിനിമക്ക് ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് എന്ന പേര് നല്‍കുന്നത്. സിനിമയിലെ അമിത് മോഹന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോള്‍, ഒരൊറ്റ ഷോട്ടില്‍ ഒരൊറ്റ ഫ്രെയിമില്‍ മകന്റെ ഇമോഷന്‍സ് മൊത്തം കാണിച്ച ആ പ്രകടനത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.

Content Highlight: Vaazha Movie Amith Mohan’s Scene And Kerala Boys

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ