| Monday, 13th June 2022, 1:50 pm

കീര്‍ത്തിയോട് കഥ പറയുംമുന്‍പ് ഒരു കണ്ടീഷന്‍ വെച്ചിരുന്നു; മറുപടി നോ ആണെങ്കില്‍ എന്തുപറയുമെന്ന ആശങ്ക അവര്‍ക്കും ഉണ്ടായിരുന്നു: വാശി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനേയും കീര്‍ത്തി സുരേഷിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. ജൂണ്‍ 17നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തില്‍ അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും കഥ പറയാന്‍ പോകുന്നതിന് മുന്‍പ് കീര്‍ത്തിയ്ക്ക് മുന്‍പില്‍ വെച്ച ഒരു കണ്ടീഷനെ കുറിച്ചും പറയുകയാണ് സംവിധായകന്‍.

കുട്ടിക്കാലം മുതലേ കീര്‍ത്തിയെ അറിയാവുന്ന ഒരാളാണ്. പക്ഷേ കീര്‍ത്തി ഇന്ന് വലിയൊരു സ്റ്റാര്‍ ആണ്. അതുകൊണ്ട് തന്നെ കീര്‍ത്തിയുടെ അടുത്ത് കഥ പറയാന്‍പോകുമ്പോള്‍ റിജക്ട് ചെയ്യുമോ എന്ന് പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു വിഷ്ണുവിന്റെ മറുപടി.

‘ഞാന്‍ കീര്‍ത്തിയെ വേറൊരു കാര്യത്തിന് വിളിച്ചപ്പോഴാണ് കീര്‍ത്തി തിരുവനന്തപുരത്ത് ഉണ്ടെന്ന് അറിയുന്നത്. കൊവിഡ് സമയത്താണ്. അപ്പോഴാണ് ഞാന്‍ സിനിമയുടെ കഥ റിവര്‍ക്ക് ചെയ്യുന്നത്. അങ്ങനെ കീര്‍ത്തിയോട് എന്റെ കൈയില്‍ ഒരു കഥയുണ്ടെന്നും കേള്‍ക്കുമോ എന്നും ചോദിച്ചു.

കേള്‍ക്കാം ചേട്ടാ എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് മെസ്സേജ് അയച്ച ശേഷം ഞാന്‍ ഒന്നുകൂടി വിളിച്ചു. എന്റെ അടുത്ത് നോ പറയാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നുണ്ടെങ്കില്‍ ഞാന്‍ കഥ പറയാന്‍ വരില്ല എന്ന് പറഞ്ഞു.

കാരണം സൗഹൃദത്തിന്റെ ബാഗേജ് ആവശ്യമില്ലല്ലോ എന്ന് തോന്നി. ഇത് കേട്ടപ്പോള്‍ പുള്ളിക്കാരി ഭയങ്കര ഹാപ്പിയായി. കാരണം കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്തുപറയുമെന്ന് പുള്ളിക്കാരിയും ആലോചിച്ചിരുന്നത്രേ. അവിടെയാണ് ഇത് സ്മൂത്തായത്. അങ്ങനത്തെ ഒരു കാഴ്ചപ്പാടിലാണ് കഥ പറാന്‍ പോയതും പുള്ളിക്കാരി കഥ കേട്ടതും, വിഷ്ണു പറഞ്ഞു.

ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് വാശി നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

Content Highlight: Vaashi Movie director about Keerthy suresh

We use cookies to give you the best possible experience. Learn more