|

ഇത് ജെല്ലികെട്ടിന്റെ ദൃശ്യാവിഷ്‌കാരം; വാടിവാസല്‍ ടെസ്റ്റ് ഷൂട്ട് ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വെട്രിമാരനും സൂര്യയും ഒന്നിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്.

ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് കാളയുമായുള്ള സംഘടനങ്ങള്‍ പരിചയമാകുന്നതിനായി ചിത്രത്തിന്റെ ഷൂട്ടിങിന് മുമ്പായി ടെസ്റ്റ് ഷൂട്ടിങ് നടന്നിരുന്നു. ടെസ്റ്റ് ഷൂട്ടിന്റെ ടീസറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിലെ രംഗമല്ലെങ്കില്‍ പോലും കാളയുമായുള്ള ഉജ്വലമായ ഫൈറ്റാണ് വീഡിയോയില്‍ കാണുന്നത്.

ഒരു മിനിറ്റും നാല് സെക്കന്റും ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

രണ്ട് ജെല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങിയാണ് സൂര്യ ചിത്രത്തിന് വേണ്ടി തയ്യാറെടുതത്ത് അതിനോടൊപ്പം ജെല്ലിക്കെട്ട് കളിക്കാരുമായി സൂര്യ പരിശീലനം നടത്തുന്നുണ്ടെന്നും വെട്രിമാരന്‍ മുമ്പ് പറഞ്ഞിരുന്നു.

ജെല്ലിക്കെട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് ‘വാടിവാസല്‍’ എന്ന നോവല്‍.

സി.എസ്. ചെല്ലപ്പ ‘എഴുത്ത്’ എന്ന സാഹിത്യമാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്തകമാക്കുകയായിരുന്നു.

ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണിത്. ഈ നോവലിന്റെ മൊഴിമാറ്റിയ പതിപ്പ് മലയാളത്തില്‍ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ജെല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് ‘വാടിവാസല്‍’.


വേല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. സൂരിയും ‘വാടിവാസല്‍’ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

സുര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കഴിഞ്ഞ ദിവസമായിരുന്നു ലഭിച്ചത് ഇതിനൊപ്പം താരം ഇന്ന് പിറന്നാള്‍ കൂടി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടെസ്റ്റ് ഷൂട്ട് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Content Highlight : Vaadivasal Movie test shoot Teaser released