| Friday, 14th December 2018, 11:31 pm

ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണ്; ഒടിയന്‍ വിജയിക്കുമെന്ന വിശ്വാസം ഇപ്പോഴുമുണ്ടെന്ന് വി.എ.ശ്രീകുമാര്‍ മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടുമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. ഒടിയനെതിരെ നടക്കുന്നത് സംഘടിത അക്രമമാണെന്നും ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണെന്നും ശ്രീകുമാര്‍ പറഞ്ഞു.

പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടും. നൂറ് പേര്‍ മോശം പറയുമ്പോള്‍ സിനിമ ഇഷ്ടപ്പെട്ട ആയിരം പേര്‍ അപ്പുറത്തുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Read Also : ബി.ജെ.പിയുടെ ഹര്‍ത്താല്‍; ഒടിയന്‍ റിലീസ് മാറ്റി വെയ്ക്കുമോ ? മാറ്റി വെച്ചാല്‍ ബി.ജെ.പിയുടെ അവസാനമെന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

നല്ല സിനിമകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കൊന്നും ആയുസ്സില്ല. നല്ല കാമ്പുള്ള തിരക്കഥയുള്ള ചിത്രമാണ് ഒടിയന്‍ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഈ സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതും ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചതും. സിനിമ വിജയിക്കും എന്ന വിശ്വാസം ഇപ്പോഴുമുണ്ട്. ഒരുപാട് കാലം ഒരാളെയോ ഒരു സിനിമയെയോ തെറിവിളിച്ചും തരംതാഴ്ത്തിയും മുന്നോട്ടുപോകാനാകില്ല ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

“രണ്ടുവര്‍ഷം കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി അതിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണോ വിചാരിച്ചിരിക്കുന്നത്. ഈ പ്രവണത അവസാനിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍”. ശ്രീകുമാര്‍ പറഞ്ഞു.

“”മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരുടെ അഭിനയത്തെ പുകഴ്ത്തുന്ന, പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ ഇഷ്ടപ്പെട്ട വലിയൊരു വിഭാഗമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സോഷ്യല്‍ മീഡിയക്ക് മുന്‍പ് “മൗത്ത് പബ്ലിസിറ്റി” വഴിയല്ലേ ഇവിടെ അഭിപ്രായം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിലൊരു ട്രെന്‍ഡ് ഉണ്ടാക്കിയെടുത്താല്‍ ഈ വ്യാജപ്രചാരണങ്ങള്‍ക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നും ശ്രീകുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

ഇതെല്ലാം ഞാന്‍ പ്രതീക്ഷിച്ചതാണ്. അത്തരമൊരു സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. എന്റെ സിനിമക്ക് മാത്രമല്ല, മറ്റൊരുപാട് സിനിമകള്‍ക്കുനേരെയും ഇത്തരം ആക്രമണം നടന്നിട്ടുണ്ട്. ഇനിയും നടക്കും. മറ്റുള്ളവര്‍ തോല്‍ക്കുന്നതു കാണാന്‍ ഇഷ്ടമുള്ളവരാണധികവും. അത്തരം മാനസികാവസ്ഥയുള്ളവരായിരിക്കാം ഇതിന് പിന്നിലെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more