| Thursday, 27th October 2022, 5:05 pm

'കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച അതേ ആരവത്തില്‍ മുഴങ്ങുന്നു';കാന്താരയെ പ്രശംസിച്ച് ശ്രീകുമാര്‍ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാപ്രേമികളുടെ കൈയടികള്‍ നേടി പ്രദര്‍ശനം തുടരുകയാണ് റിഷബ് ഷെട്ടിയുടെ കാന്താര. റിഷബ് ഷെട്ടി തന്നെ രചനയും സംവിധാനവും മികച്ച അഭിനയവും കാഴ്ചവെച്ച കാന്താര സിനിമക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍.

സിനിമ കണ്ട് ദിവസങ്ങള്‍ക്ക് ശേഷവും കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച അതേ ആരവത്തില്‍ മുഴങ്ങുന്നുവെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘കാന്താര കണ്ടു. കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്ക് ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു.
മംഗലാപുരം ഉടുപ്പി കേന്ദ്രീകരിച്ച് ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്ന പിടിച്ചുലയ്ക്കുന്ന മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും. 895 കിലോമീറ്റര്‍ ദൂരമാണ് മുംബൈ- മംഗലാപുരം. മുംബൈക്ക് ഇവിടെ നിന്ന് പ്രതിഭകളെ ക്ഷണിക്കാതിരിക്കാന്‍ ആകില്ല. ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ പോകുന്ന സാംസ്‌കാരികവും രൂപപരവുമായ മാറ്റത്തെ കാന്താര അലറി അറിയിക്കുന്നു.
കാന്താര എല്ലാവരും തിയറ്ററില്‍ കാണണം. ഇതുവരെ കണ്ടവരില്‍ ഇഷ്ടപ്പെട്ട 98 ശതമാനം ആളുകളില്‍ ഒരാളാകും നമ്മളും.’ എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മിഷന്‍ കൊങ്കണ്‍ എന്ന ചിത്രത്തെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശമുണ്ട്.

അതേസമയം, കാന്താര ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനകം തന്നെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് തിയേറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30നായിരുന്നു.

ആദ്യ 11 ദിനങ്ങളില്‍ നിന്ന് 60 കോടി നേടിയ ചിത്രം കര്‍ണാടകത്തിന് പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

Content Highlight: VA Shrikumar Menon About Kantara Movie

We use cookies to give you the best possible experience. Learn more