| Friday, 7th July 2023, 12:29 pm

ലാലേട്ടന്‍ ഭീമനായാല്‍ എങ്ങനെ, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തത്സമയം വരച്ചു; ഓര്‍മകള്‍ പങ്കുവെച്ച് ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ വി.എ. ശ്രീകുമാര്‍. എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേ നമ്പൂതിരി ലൈവായി മോഹന്‍ലാലിന്റെ ഭീമനെ വരച്ചിട്ടുണ്ടായിരുന്നുവെന്ന് ശ്രീകുമാര്‍ പറഞ്ഞു. നമ്പൂതിരി വിട പറഞ്ഞു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് സ്പന്ദിക്കുന്ന ആ ഭീമന്‍ തന്റെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്പൂതിരി സാര്‍ വരച്ച ആ ഭീമനെ തനിക്കു സമ്മാനിച്ചത് മോഹന്‍ലാലാണെന്നും അന്ന് മുതല്‍ ആ ഭീമന്‍ തന്റെ ഓഫീസില്‍ ഉണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീകുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

‘നമ്പൂതിരി വരച്ച ലാലേട്ടന്റെ ഭീമന്‍ ഇപ്പോഴും മുറിയിലുണ്ട്. നമ്പൂതിരിയുടെ ഭീമന്‍ ഇവിടെയുണ്ട്. അക്കാലം, രണ്ടാമൂഴവും ലാലേട്ടന്‍ ഭീമനാകുന്നതിനെ കുറിച്ചുള്ള ആകാംക്ഷകളുടേതുമായിരുന്നു. ഞങ്ങളെല്ലാവരും രണ്ടാമൂഴത്തെ കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു. ലാലേട്ടന്‍ വേദിയില്‍ ഇരിക്കെ, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തത്സമയം ലാലേട്ടനിലെ ഭീമനെ വരച്ചു. ലാലേട്ടന്‍ ഭീമനായാല്‍ എങ്ങനെയെന്ന നമ്പൂതിരി സാറിന്റെ ഭാവന!

പിന്നീട് രണ്ടാമൂഴത്തിനു വേണ്ടി ലാലേട്ടന്റെ ഭീമനെ പലരും പലതവണ വരച്ചിട്ടുണ്ട്. പക്ഷെ അതിലാദ്യത്തേത് നമ്പൂതിരി സാര്‍ വരച്ചതാണ്. തത്സമയം വരക്കുന്നതിന് എനിക്കും സാക്ഷിയാകാനായി. ജീവിതത്തിലെ അപൂര്‍വ്വ നിമിഷം. അന്നാണ് നമ്പൂതിരി സാറിനെ ആദ്യമായി കാണുന്നതും ഏറെ നേരം സംസാരിച്ചതും. രണ്ടാമൂഴം നോവലിന്റെ ചിത്രകാരനാണ്.

രണ്ടാമൂഴം ആദ്യം ദൃശ്യത്തിലാക്കിയത് അദ്ദേഹമാണ്. രണ്ടാമൂഴത്തെ ദൃശ്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെ സംബന്ധിച്ച് അദ്ദേഹവുമായുള്ള സംസാരം ഹൃദ്യമായിരുന്നു. സുപ്രധാനമായിരുന്നു. നമ്പൂതിരി സാര്‍ വിട പറഞ്ഞു എന്നറിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ദൈവവിരലുകളുടെ സ്പര്‍ശനമേറ്റ, അദ്ദേഹത്തിന്റെ ആത്മാവ് സ്പന്ദിക്കുന്ന ആ ഭീമന്‍ ഇതാ മുന്നിലുണ്ട്.

നമ്പൂതിരി സാര്‍ വരച്ച ആ ഭീമനെ എനിക്കു സമ്മാനിച്ചത് ലാലേട്ടനാണ്. അന്നു മുതല്‍ ആ ഭീമന്‍ എന്റെ ഓഫീസിലുണ്ട്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഒന്നാണ് എനിക്കാ ഭീമന്‍. അദ്ദേഹത്തെ ഏറ്റവും ആദരവോടെ നമിക്കുന്നു.
ആദരാഞ്ജലികള്‍,’ ശ്രീകുമാര്‍ കുറിച്ചു.

Content Highlight: va shrikumar about artist namboothiri

We use cookies to give you the best possible experience. Learn more