കഥയിലെ ഭൂതത്തിന്റെ കണ്ണുനീര്‍ മാര്‍ക്സിന്റെ കരുണയുടേയും നീതിവിചാരത്തിന്റേയും സൂചകമായി വായിക്കുക! ലോകത്തിലെ എല്ലാ വ്യവഹാരങ്ങളേയും സംബോധന ചെയ്യാന്‍ ഉത്സുകമായിരുന്ന മാര്‍ക്സിസം ഒരു നീതിശാസ്ത്രത്തെയും കാരുണ്യശാസ്ത്രത്തേയും നിര്‍മ്മിക്കുകയുണ്ടായില്ലെന്ന വിമര്‍ശത്തിലേക്കു കണ്ണോടിക്കുന്ന പ്രകരണമാണിത്.
‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്മ്യൂണിസമെന്ന ഭൂതം’. മാര്‍ക്സും എംഗല്‍സും ചേര്‍ന്നു രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഈ വാക്യങ്ങളോടെയാണ് ആരംഭിക്കുന്നത്. ‘ഈ ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാന്‍ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം – പോപ്പും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസോവും ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും ജര്‍മ്മന്‍ പോലീസ് ചാരന്മാരുമെല്ലാം ഒരുപാവനസഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാ’ണെന്ന് അവര്‍ തൊട്ടടുത്ത വാക്യത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
കമ്മ്യൂണിസം ഒരു ഭൂതമായിരുന്നു. ഭൂതമെന്നത് മാര്‍ക്സ് തന്നെ നല്‍കിയ രൂപകമായിരുന്നു. യൂറോപ്പിന്റെ പഴയ ശക്തികളെ ഭയപ്പെടുത്തിയ ഭൂതം. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ പ്രശസ്തനായ യൂറോപ്യന്‍ തത്ത്വചിന്തകന്‍ ഴാക് ദെറിദ ‘മാര്‍ക്സിന്റെ ഭൂതങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകം രചിക്കുന്നുണ്ട്. മാര്‍ക്സിനെ കുറിച്ചു പറയാന്‍ ഒരു വൈകിയവേളയാണ് ദെറിദ തിരഞ്ഞെടുത്തത്.
എന്നാല്‍, ഏറ്റവും ഉചിതമായ സമയത്താണ് താന്‍ മാര്‍ക്സിനെ കുറിച്ചു പറയുന്നതെന്നാണ് ദെറിദ കരുതിയത്. മാര്‍ക്സിസത്തിന്റെ വരട്ടുതത്ത്വവാദപരമായ യന്ത്രങ്ങള്‍, പ്രത്യയശാസ്ത്രോപകരണങ്ങള്‍, ഭരണകൂടങ്ങള്‍, പാര്‍ട്ടികള്‍, സെല്ലുകള്‍, യൂണിയനുകള്‍ എല്ലാം തകര്‍ന്നു കൊണ്ടിരിക്കുന്ന സന്ദര്‍ഭം ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണെന്ന ധ്വനി അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളിലുണ്ടായിരുന്നു.
മാര്‍ക്സിനെ വീണ്ടും വായിക്കണമെന്ന് ദെറിദ പറഞ്ഞു. അല്ലെങ്കില്‍, അത് കുറ്റകരമായ ഉത്തരവാദിത്തരാഹിത്യമാണെന്ന് പറഞ്ഞു. ലോകമെമ്പാടും മാര്‍ക്സ് വീണ്ടും വീണ്ടും വായിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത കഥാകാരനായ ഉണ്ണി. ആര്‍ ‘ഭൂതം’ എന്ന പേരില്‍ എഴുതിയിരിക്കുന്ന കഥയില്‍ മാര്‍ക്സിന്റെ വ്യത്യസ്തമായ വായനയുണ്ട്. കഥയില്‍ പ്രത്യക്ഷപ്പെടുന്ന മാര്‍ക്സിന്റെ ഭൂതം എന്ന സൂചകം നിരവധി പാഠങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പാഠാന്തരസമൃദ്ധമായ കഥ സമകാലലോകത്തെ മാര്‍ക്സിനെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോരുന്ന അമ്പിളിക്കും ഉണ്ണിക്കും അടച്ചു മൂടിയ ഒരു ചെപ്പുകുടം കിട്ടുന്നു. വൈകിട്ട് കളിക്കാന്‍ കിട്ടിയ സമയത്തില്‍ അവര്‍ അത് തുറക്കുന്നു. കാള്‍ മാര്‍ക്സിന്റെ ഭൂതമാണ് ആ ചെപ്പുകുടത്തിലുണ്ടായിരുന്നത്. കാള്‍ മാര്‍ക്സ് ആരാണെന്ന് കുട്ടികള്‍ക്കറിയില്ല. അവര്‍ ആ പേരു മനസ്സിലാക്കി അത്ഭുതം കൂറുന്നുണ്ട്. കുട്ടികളുടെ മുന്നില്‍ അജ്ഞനായി നില്‍ക്കുന്ന ഭൂതത്തെ കുറിച്ചു കഥാകാരന്‍ പറയുന്നു.
മാര്‍ക്സ് കുടത്തിലടയ്ക്കപ്പെട്ട ഭൂതമായിരിക്കുന്നുവെന്ന ആദ്യപാഠം മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെയും സമകാലാവസ്ഥയെ വ്യഞ്ജിപ്പിക്കുന്നുണ്ട്. കുട്ടികളുടെ മുന്നില്‍ അജ്ഞനായി നില്‍ക്കുന്ന മാര്‍ക്സ് ജാഡ്യത്തിലായ മാര്‍ക്സിസത്തിന്റെ പ്രതിരൂപമായിരിക്കുന്നു. മാര്‍ക്സിസത്തിന്റെ പ്രയോഗങ്ങള്‍ ഒരു അടഞ്ഞ വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന സൂചന കുടത്തിലടയ്ക്കപ്പെട്ട ഭൂതം എന്ന രൂപകം നല്‍കുന്നുണ്ട്.
മാര്‍ക്സിസ്റ്റുസിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള കൊടുക്കല്‍-വാങ്ങലുകള്‍ നിലച്ചിരിക്കുന്നു. വികസിക്കാത്ത സിദ്ധാന്തം മുരടിച്ച പ്രയോഗങ്ങളെ നിലനിര്‍ത്തുന്നു. ഈ വ്യവസ്ഥാപിതത്വം മാര്‍ക്സിസത്തെ ജഡാവസ്ഥയിലേക്കെത്തിച്ചിരിക്കുന്നു. മാര്‍ക്സിസത്തിനു സംഭവിച്ച ജാഡ്യം സോഷ്യലിസ്റ്റുശക്തികള്‍ക്കേല്‍ക്കുന്ന തിരിച്ചടികളായും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ അപചയമായും ഇപ്പോള്‍ പുറത്തേക്കു പ്രകടമാകുന്നു.
ശാസ്ത്രീയ സോഷ്യലിസ്റ്റ്പ്രസ്ഥാനത്തിന്റെ ആശയലോകത്തിന് ഈ തിരിച്ചടികളേയും വെല്ലുവിളികളേയും തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ദിശാസൂചികള്‍ നല്‍കാന്‍കഴിയാത്തത് അത് അടഞ്ഞവ്യവസ്ഥയില്‍ കുടുങ്ങികിടക്കുന്നതു കൊണ്ടാണ്. മാറ്റത്തിന്റെ അലംഘനീയതയെ കുറിച്ചു പറയുന്ന മാര്‍ക്സിസത്തിന് സ്വയം മാറിത്തീരാന്‍ കഴിവുള്ളതാണ്. അതിനെ തടയുന്ന രീതിയില്‍ അത് ഭൂതകാലത്തിന്റെ മാത്രം യാഥാര്‍ത്ഥ്യമായി കുടത്തില്‍ അടയ്ക്കപ്പെട്ടിരിക്കുന്നുവെന്ന വിമര്‍ശത്തെ കഥയില്‍ നിന്നും വായിച്ചെടുക്കാം.
കുടത്തിലടച്ച് ഉപേക്ഷിക്കപ്പെട്ട ഭൂതമായി മാര്‍ക്സിനെ കുട്ടികള്‍ കണ്ടെത്തുന്ന സന്ദര്‍ഭത്തില്‍ തന്നെ ആചാരമെന്നോണം നടക്കുന്ന ഒരു ജാഥയുടെ പരാമര്‍ശം കൂടി കഥയില്‍ പ്രത്യക്ഷപ്പെടുന്നു. ജാഥയ്ക്കിടയില്‍ നിന്നും ഇറങ്ങിവരുന്ന ഒരാള്‍; ഭാസിച്ചേട്ടന്‍ എന്ന നാമകരണത്തിലൂടെ ഒരു ഹാസ്യകാരനെ വ്യഞ്ജിപ്പിക്കുന്നുണ്ട് അയാള്‍, കുട്ടികളോട് വീട്ടിലേക്ക് ഓടിപ്പോകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ജാഥയിലേക്ക് ഓടിപ്പോകുന്നു.
ഭൂതം എഴുതുന്ന ഭാഷ കുട്ടികള്‍ക്കു മനസ്സിലാകുന്നില്ല. തങ്ങളുടെ ഭാഷ അറിയാത്ത ഭൂതത്തെ അറിവില്ലാത്തവനായി കുട്ടികള്‍ ആദ്യം കാണുന്നുണ്ടെങ്കിലും അതു വേഗം പഠിക്കുന്നതു കാണുമ്പോള്‍ അവര്‍ക്ക് അത്ഭുതം തോന്നുന്നുണ്ട്. ഭൂതമായാല്‍ മതിയായിരുന്നുവെന്ന് ഉണ്ണിക്കു തോന്നുന്നു. എല്ലാ കളികളിലും തോല്‍ക്കുന്ന ഭൂതത്തിന് ഒളിച്ചിരിക്കാന്‍ അറിയില്ലെന്നു കുട്ടികള്‍ പറയുന്നു.
മാര്‍ക്സിന്റെ തുറന്ന സംവാദലോകത്തെയാണ് ഈ പ്രകരണത്തില്‍ കഥാകാരന്‍ ദ്യോതിപ്പിക്കുന്നതെന്നു തോന്നാം. ഒന്നും ഒളിച്ചുവയ്ക്കേണ്ടതില്ലാത്ത നിശിതമായ വിമര്‍ശത്തിന്റെ ലോകമാണല്ലോ മാര്‍ക്സ് അഭിലഷിച്ചത്! കുട്ടികളോടു കഥകളും നേരമ്പോക്കുകളും പറയാനും അവരോടൊപ്പം കളിക്കാനും സമയം കണ്ടെത്തിയ ചിന്തകനെ ഇപ്പോള്‍ നാം ഓര്‍ക്കുന്നുമുണ്ട്. ഉണ്ണിയും അമ്പിളിയും തിരിച്ചറിയുന്ന ഭൂതത്തിന്റെ വിശപ്പിനെ സമകാലസമൂഹത്തെ കുറിച്ചുള്ള മാര്‍ക്സിന്റെ ജിജ്ഞാസയോടു സമീകരിക്കാം.
മാര്‍ക്സിനെ വെളിച്ചം നല്‍കുന്ന വിളക്കായി കുട്ടികളോടു പറയുന്ന അദ്ധ്യാപകനേയും ഉണ്ണി എഴുതുന്നുണ്ട്. അദ്ധ്യാപകന്‍ അമ്പിളിയെ കൊണ്ട് കാള്‍ മാര്‍ക്സ് എന്ന പേരു വായിപ്പിക്കുകയാണ്. അതിനിടയില്‍, എന്റെ വീട്ടില്‍ പെട്രോമാക്സുണ്ടെന്നു വിളിച്ചു പറയുന്ന കുട്ടിയോട് ഇതും വെളിച്ചം തരുന്നുവെന്ന് അദ്ധ്യാപകന്‍ പറയുന്നു. ഉണ്ണിയും അമ്പിളിയും നല്‍കുന്ന ദൂരദര്‍ശിനിയിലൂടെ നോക്കി ഭൂതം എലിനോറിനെ കാണുന്നു. ഭൂതം കരയുന്നു.
പാവപ്പെട്ട മനുഷ്യരേയും അവരുടെ ഓലമേഞ്ഞ വീടുകളേയും കണ്ടിട്ടാണ് ഭൂതം കരഞ്ഞതെന്നു കുട്ടികള്‍ക്കു തോന്നുന്നുണ്ട്. ഭൂതത്തിന്റെ സാന്നിദ്ധ്യത്തില്‍, തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും തങ്ങളേക്കാള്‍ ദരിദ്രരായവരെ കുറിച്ചും വീടില്ലാത്തവരെ കുറിച്ചും ആ കുഞ്ഞുങ്ങള്‍ ആലോചിച്ചു തുടങ്ങുന്നു. മാര്‍ക്സിന്റെ മകളായ എലിനോറിന്റെ ഓര്‍മ്മയിലൂടെ മാര്‍ക്സ് അനുഭവിച്ച ദരിദ്രവും യാതനാപൂര്‍ണ്ണവുമായ ജീവിതത്തിന്റെ സൂചനകളിലേക്കു നാം കടക്കുന്നു. കുട്ടികളുടെ ദരിദ്രമായ ജീവിതാവസ്ഥയെ മാര്‍ക്സിന്റെ യാതനാപൂര്‍ണ്ണമായ ജീവിതവുമായി ബന്ധിപ്പിച്ചു കാണാന്‍ പ്രേരിതമാകുന്നു.
ഗ്രീക്ക് നായകനായ പ്രൊമിത്യൂസിനെ മാര്‍ക്സ് ഇഷ്ടപ്പെട്ടിരുന്നു. ഡോക്ടറേറ്റിന് എഴുതിയ പ്രബന്ധത്തിന്റെ തുടക്കത്തില്‍ ഈസ്‌കിലസിന്റെ പ്രൊമിത്യൂസില്‍ നിന്നുമുള്ള വരികള്‍ അദ്ദേഹം ഉദ്ധരിച്ചു ചേര്‍ത്തിരുന്നു. ‘നിന്റെ അടിമത്തത്തിനായി ഞാനെന്റെ നിര്‍ഭാഗ്യത്തെ കൈമാറുകില്ലെന്നു നന്നായറിഞ്ഞു കൊള്ളുക’. ജീവിതത്തിലുടനീളം മാര്‍ക്സ് ഈ വാക്കുകളുടെ ആത്മാവിനെ ഉയര്‍ത്തിപ്പിടിച്ചു.
തത്ത്വചിന്തയ്ക്ക് പ്രൊമിത്യൂസിന്റെ വിശ്വാസമാണെന്നും അദ്ദേഹം കരുതി. തന്നെ പണമുണ്ടാക്കുന്ന ഒരു യന്ത്രമാക്കി മാറ്റാന്‍ ഒരിക്കലും ബൂര്‍ഷ്വാസമുദായത്തെ അനുവദിക്കുകയില്ലെന്ന് മാര്‍ക്സ് ഉറപ്പിച്ചിരുന്നു. മനുഷ്യനെ യന്ത്രമാക്കി തീര്‍ക്കുന്ന മുതലാളിത്തത്തെയാണ് അദ്ദേഹം എതിര്‍ത്തത്. മാര്‍ക്സിന്റെ ആശയലോകം പ്രൊമേത്ത്യന്‍ മാതൃകയിലാണ് നിലനില്ക്കുന്നതെന്ന് ആരോപിക്കപ്പെടുന്നതിലേക്ക് ഇതു നയിക്കപ്പെടുന്നുണ്ട്.
പ്രകൃതിയെ കീഴടക്കുന്ന, മനുഷ്യനെ മഹത്ത്വവല്ക്കരിക്കുന്ന മാതൃകയാണ് മാര്‍ക്സിന്റേതെന്ന,അതു മനുഷ്യമാത്രവാദമാണെന്ന വിമര്‍ശമാണ് ഉയര്‍ത്തപ്പെട്ടത്. മാര്‍ക്സിന്റെ കൃതികളില്‍ സാങ്കേതികവിദ്യയുടെ പ്രതീകമായല്ല, മറിച്ച്, വിപ്ലവത്തിന്റെ പ്രതീകമായാണ് പ്രൊമിത്യൂസ് പ്രത്യക്ഷപ്പെടുന്നത്. പ്രൊമിത്യൂസ് അടിമത്തവ്യവസ്ഥക്കെതിരായ അഥീനിയന്‍ പ്രതിഷേധത്തിന്റെ വ്യക്തിചൈതന്യമായിരുന്നു.
ഞാന്‍ എല്ലാ ദൈവങ്ങളേയും അവജ്ഞാപൂര്‍വ്വം വീക്ഷിക്കുന്നുവെന്ന് എഴുതിയ മാര്‍ക്സ് പ്രൊമിത്യൂസിലെ വിപ്ലവകാരിയെയാണ് ഇഷ്ടപ്പെട്ടത്. അടിമത്തത്തിനായി നിര്‍ഭാഗ്യത്തെ കൈമാറുകില്ലെന്ന പ്രതിജ്ഞ യാതനാപൂര്‍ണ്ണമായ ഒരു ജീവിതത്തെയാണ് മാര്‍ക്സിനു നല്‍കിയത്. ദാരിദ്ര്യം മൂലം മരണപ്പെട്ടഅരുമക്കുഞ്ഞിന്റെ ശവമടക്കാന്‍ പണമില്ലാതെ ഞരുങ്ങുന്ന മാര്‍ക്സിനെ നാം കണ്ടുമുട്ടുന്നുണ്ടല്ലോ. മാര്‍ക്സിന്റെ മരണശേഷം ആത്മഹത്യ ചെയ്ത എലിനോറിന്റെ ഓര്‍മ്മയാണ് ഈ കഥയില്‍ കടന്നുവരുന്നത്. അച്ഛനെ കാണാനില്ലാതായതിനു ശേഷം സ്വന്തം വീട്ടില്‍ നിന്നും പുറത്തു പോകേണ്ടി വരുന്ന ഉണ്ണിയുടേയും അമ്പിളിയുടേയും കഥയുമായി ഇതിനെ കണ്ണിചേര്‍ത്തു കാണാവുന്നതാണ്.
കഥയിലെ ഭൂതത്തിന്റെ കണ്ണുനീര്‍ മാര്‍ക്സിന്റെ കരുണയുടേയും നീതിവിചാരത്തിന്റേയും സൂചകമായി വായിക്കുക! ലോകത്തിലെ എല്ലാ വ്യവഹാരങ്ങളേയും സംബോധന ചെയ്യാന്‍ ഉത്സുകമായിരുന്ന മാര്‍ക്സിസം ഒരു നീതിശാസ്ത്രത്തെയും കാരുണ്യശാസ്ത്രത്തേയും നിര്‍മ്മിക്കുകയുണ്ടായില്ലെന്ന വിമര്‍ശത്തിലേക്കു കണ്ണോടിക്കുന്ന പ്രകരണമാണിത്. നീതിയേയും കരുണയേയും സംബന്ധിച്ച ആഴമേറിയ സൈദ്ധാന്തികവിചാരത്തിലേക്കു നീങ്ങാന്‍ മാര്‍ക്സിനു കഴിഞ്ഞിരുന്നില്ലെങ്കിലും മാര്‍ക്സിസത്തിന്റെ ആത്മാവില്‍ കരുണയും നീതിയും തുടിച്ചിരുന്നുവെന്ന് ഈ കഥയിലെ ഭൂതത്തിന്റെ കണ്ണുനീര്‍ നമ്മോടു പറയുന്നു.
കഥയില്‍ പ്രത്യക്ഷപ്പെടുന്ന ഭൂതം എന്ന കല്‍പ്പനയെ ഭൂതകാലം എന്ന പരികല്‍പ്പനയിലേക്കു പരാവര്‍ത്തനം ചെയ്യാവുന്നതാണ്. ഭൂതകാലത്തെ കുറിച്ചുള്ള ധാരണകള്‍ ചരിത്രത്തിലേക്കു നയിക്കപ്പെടുന്നതുമാണ്. ചരിത്രവല്‍ക്കരിക്കാനുള്ള മാര്‍ക്സിസത്തിന്റെ നിര്‍ദ്ദേശത്തിലേക്കും നാം എത്തിപ്പെടുന്നു. മാര്‍ക്സിന്റെ ഭൂതങ്ങള്‍ എന്നാണ് ദറിദ വിളിച്ചത്. അദ്ദേഹം ഉപയോഗിച്ചത് ഏകവചനം ആയിരുന്നില്ല, ഭൂതങ്ങള്‍ എന്ന ബഹുവചനമായിരുന്നു.
1848 ല്‍ മാര്‍ക്സ് പറഞ്ഞത്, യൂറോപ്പിലെ പഴയ ശക്തികളെയൊക്കെ പേടിപ്പിക്കാന്‍ പോന്ന കമ്മ്യൂണിസമെന്ന ഭൂതത്തെ കുറിച്ചാണ്. ഭൂതങ്ങള്‍ എന്നു ദറിദ പറയുമ്പോള്‍ ഇതു മാത്രമല്ല സൂചിതമാകുന്നത്. കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയുടെ തുടക്കവാക്യത്തില്‍ മാത്രമല്ല ഭൂതങ്ങളെ കുറിച്ച് മാര്‍ക്സ് പറഞ്ഞത്. പല ആത്മചൈതന്യങ്ങള്‍ മാര്‍ക്സിസത്തിനുണ്ടെന്ന് ദറിദ ഗ്രഹിച്ചിരുന്നു.
അവയില്‍ ചിലതെങ്കിലും ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം കരുതി. മാര്‍ക്സിസത്തിന്റെ പേരില്‍ നിലകൊണ്ട വരട്ടുതത്ത്വവാദപരമായ ഉപകരണങ്ങള്‍ തകര്‍ന്നതിനു ശേഷം മാത്രം മാര്‍ക്സിനെ കുറിച്ചു പറയാന്‍ അദ്ദേഹം തീരുമാനിച്ചത് അതുകൊണ്ടായിരുന്നു. വ്യവസ്ഥാപിതത്വത്തെ ഭയപ്പെടുത്തുന്ന ഭൂതങ്ങള്‍ ആത്മചൈതന്യമായി മാര്‍ക്സിസത്തില്‍ ഇപ്പോഴുമുണ്ടെന്ന് ദറിദ പറയുന്നുണ്ട്. ഉണ്ണിയുടെ കഥയിലെ ഭൂതം ഇപ്പോഴും പ്രസക്തമായ ഭൂതമാണ്. മാര്‍ക്സിസത്തിലെ ഇപ്പോഴും പ്രസക്തമായ ഭൂതങ്ങളെ കുറിച്ചാണ് ഉണ്ണി തന്റെ കഥയില്‍ എഴുതുന്നതെന്നും കരുതാം.
ആള്‍ക്കൂട്ടങ്ങള്‍ ഭൂതത്തെ കണ്ടു ഭയക്കുകയും അലറിവിളിക്കുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ ചിത്രശലഭത്തിനെയെന്നോണം അതിനെ സ്വാഗതം ചെയ്യുന്നത് എഴുതിക്കൊണ്ടാണ് ഉണ്ണിയുടെ കഥ അവസാനിക്കുന്നത്. ആരും കരയുന്നത് അമ്മയ്ക്കും ഞങ്ങള്‍ക്കും ഇഷ്ടമല്ലെന്നു പറയുന്ന ഉണ്ണിയുടേയും അമ്പിളിയുടേയും അത്മവിശ്വാസത്തെ നോക്കി ചിരിക്കുന്ന ഭൂതം കുഞ്ഞുങ്ങളെ പ്രതീക്ഷയോടെ കാണുന്നു.
എന്നാല്‍, മാര്‍ക്സിന്റെ ഭൂതം ഇപ്പോഴും വ്യവസ്ഥാപിതത്വങ്ങള്‍ക്ക് ഭയം ജനിപ്പിക്കുന്നു. ആള്‍ക്കൂട്ടങ്ങള്‍ വ്യവസ്ഥാപിതത്വത്തിന്റെ ആശയങ്ങള്‍ പേറുന്നവയും അതിന്റെ ഭാഗവുമാണ്. ഇളം തലമുറ മാര്‍ക്സിനെ സ്വീകരിക്കുമെന്നു തന്നെ കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നു, മാര്‍ക്സിന്റെ ഭൂതങ്ങള്‍ ഇനിയും നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കുമെന്നും.
ഒരു മലയാള ഗ്രന്ഥകാരനാണ് വി.വിജയകുമാര്‍. സാഹിത്യം, സംസ്‌ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ആനുകാലികങ്ങളിലും എഴുതാറുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള 2007-ലെ എന്‍.വി. കൃഷ്ണവാരിയര്‍ സാഹിത്യപുരസ്‌ക്കാരം നേടി. ഏറ്റവും നല്ല ചലച്ചിത്രലേഖനത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളെ ആസ്പദമാക്കി എഴുതിയ ലേഖനത്തിനു ലഭിച്ചു.