വേഗത്തിനായി കുതിക്കുന്ന ലോകം. പിന്നെയും കൂടുതല്‍ വേഗത്തിനായി കുതിക്കുന്ന ലോകം. എത്ര ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിച്ചിട്ടും വേഗത പോരെന്നു തോന്നുന്നു. നടപ്പിനു വേഗത പോര, ജോലി ചെയ്യുന്നതിനു വേഗത പോര, കാറിനു വേഗത പോര, വികസനത്തിനു വേഗത പോര…
വേഗത്തില്‍ സഞ്ചരിച്ചാല്‍ സമയം ലാഭിക്കാം. സമയം പണമാണ്. കൂടുതല്‍ വേഗം കൂടുതല്‍ സമയമാണ്. കൂടുതല്‍ സമയം കൂടുതല്‍ പണമാണ്. ഇവിടെ, പതുക്കെ സഞ്ചരിക്കുന്നവന്‍ മന്ദന്‍, മടിയന്‍, വിമുഖന്‍. പിന്നെയും പിന്നെയും കൂടുതല്‍ വേഗതയാര്‍ജ്ജിക്കാന്‍ വെമ്പുന്ന (കൂടുതല്‍ പണം നേടാന്‍ വെമ്പുന്ന) ലോകത്തിരുന്ന് മന്ദഗതിയുടെ ഒരു മാനിഫെസ്റ്റോ എഴുതുന്നു; ഇ. സന്തോഷ്‌കുമാര്‍, ‘നാരകങ്ങളുടെ ഉപമ’ എന്ന കഥയില്‍.
ഈ നാരകച്ചെടികള്‍ ഒട്ടുചെടികളല്ല. അവ പതുക്കെയാണ് വളരുന്നത്. ഈ നാരകങ്ങള്‍ മന്ദഗതിയുടെ ഉപമയാണ്. കഥയുടെ ആദ്യഖണ്ഡത്തില്‍ പ്രത്യക്ഷപ്പെടുന്ന വാക്യങ്ങള്‍ – ‘നടുന്ന നാരകച്ചെടികള്‍ നമ്മുടെ ജീവിതകാലത്തു തന്നെ കായ്ക്കണമെന്ന് എന്താണിത്ര വാശി?’ – ഈ കഥയുടെ താക്കോല്‍വാക്യമായി മാറുന്നുണ്ട്.
പതുക്കെ വളരുന്ന നാരകച്ചെടികള്‍, പതുക്കെ സഞ്ചരിക്കുന്ന ബസ്, പതുക്കെ പതുക്കെ മധുരനാരങ്ങയുടെ അല്ലികള്‍ തിന്നുന്ന തമാനേ, പതുക്കെ മണ്ണടരുകള്‍ ഇടിക്കുകയും നിരത്തുകയും പരിശോധിക്കുകയും ചെയ്യുന്ന പുരാവസ്തുഗവേഷകര്‍, മറ്റു വിരലുകളോടൊപ്പമല്ലാതെ പതുക്കെ വളര്‍ന്ന ഒരു ആറാം വിരല്‍… മന്ദഗതിയുടെ നിരവധി സൂചകങ്ങള്‍ കൊണ്ടാണ് ഈ കഥ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
പതുക്കെ, പതിയെ, സാവധാനം, ധൃതിയില്ലാതെ എന്നിങ്ങനെയുള്ള വാക്കുകള്‍ ഈ കഥയില്‍ നിരവധി തവണ പ്രത്യക്ഷപ്പെടുന്നു; ലോകത്തിന്റെ വേഗതയെ തിരുത്താന്‍ വീണ്ടും വീണ്ടും മന്ദഗതിയെ കുറിച്ചു പറയുന്നതു പോലെ. (പതുക്കെ എന്ന വാക്ക് പത്തു പ്രാവശ്യമെങ്കിലും എഴുതപ്പെടുന്നുണ്ട്.) നമ്മുടെ ജീവിതകാലത്തല്ല, ഭാവിതലമുറയുടെ ജീവിതകാലത്തു മധുരനാരങ്ങകള്‍ വിളയിച്ചെടുക്കുന്നതിനായി പതുക്കെ വളരുന്ന നാരകച്ചെടികളെ കുറിച്ചു മാത്രമല്ല, അഥവാ ഭാവിയിലേക്കു കൈ നീട്ടുന്ന പച്ചപ്പിനെ കുറിച്ചു മാത്രമല്ല ഈ കഥ സംസാരിക്കുന്നത്.
എല്ലാവരും ഉപേക്ഷിച്ചു പോയിട്ടും തിരിച്ചുചെല്ലുകയും പതുക്കെ ക്ഷമയോടെ മണ്ണിന്റെ അടരുകളെ നിരീക്ഷിക്കുകയും ചെയ്യുന്നവന്‍ എത്തിച്ചേരുന്ന ജ്ഞാനത്തേയും തിരിച്ചറിവുകളേയും കുറിച്ചു കൂടി ഈ കഥ പറയുന്നു. മണ്ണടരുകളില്‍ പതുക്കെ പതുക്കെ തിരഞ്ഞ് ഭൂതകാലജ്ഞാനത്തെയോ പൂര്‍വ്വികരെയോ തന്നെത്തന്നെയോ തിരിച്ചറിയുന്ന തമാനേയുടെ കഥ മാത്രവുമല്ല ഇത്.
ഉയര്‍ന്ന വേഗതയുടെ ലോകങ്ങളില്‍ സഞ്ചരിച്ചിരുന്നവന്‍ അലോസരങ്ങള്‍ നീങ്ങി സ്‌നേഹഹൃദയവാനായി പതുക്കെ വളരുന്ന നാരകച്ചെടികള്‍ നടുകയും അതു വളര്‍ന്നു കായ്ക്കുന്നതു കാണുകയും ചെയ്യുന്ന കഥ കൂടി ഇതില്‍ എഴുതപ്പെടുന്നുണ്ട്. പതുക്കെ സഞ്ചരിച്ചതു കൊണ്ടു മാത്രം ഭൂതത്തേയും ഭാവിയേയും കയ്യെത്തിപ്പിടിക്കുന്ന കഥ പറഞ്ഞ് വേഗതയുടെ സമകാലലോകത്തിന് ഒരു മറുലോകം നിര്‍മ്മിക്കുന്നു, കഥാകാരന്‍.
ഇ. സന്തോഷ് കുമാര്‍
മനുഷ്യര്‍ ധൃതഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്, ലോകത്തിന് ഇത്രയും വേഗതയേറിയിട്ട് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. ലോകത്തെ വെട്ടിപ്പിടിക്കാന്‍ ലോകമെമ്പാടും സഞ്ചരിച്ച യൂറോപ്പിലെ സാഹസികസഞ്ചാരികളോടും അതിന്റെ തുടര്‍ച്ചയില്‍ രൂപപ്പെട്ട അധിനിവേശവ്യവസ്ഥയോടും ഈ വേഗതയ്ക്കു ബന്ധമുണ്ട്. ഇത്, മറ്റൊരു രീതിയില്‍ യൂറോപ്യന്‍ ജ്ഞാനോദയപ്രബുദ്ധതയോടും ആധുനികതയോടും ബന്ധപ്പെട്ടിരിക്കുന്നു.
ഇപ്പോള്‍, വികസനം ഈ വേഗതയുടെ മറ്റൊരു പേരാണ്. കഴിഞ്ഞ ദശകങ്ങളില്‍ ഈ വേഗത ഏറെ വര്‍ദ്ധിതമായിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ദൂരത്തെ അതു കുറച്ചു. ലണ്ടനും ഷിക്കാഗോയും കൊച്ചിക്ക് അടുത്ത സ്ഥലമായി മാറി. ലോകം ആഗോളഗ്രാമമായി. ചൂഷണത്തിനും വികസനത്തിന്റെ പേരിലുള്ള ധൂര്‍ത്തിനും വേഗത കൂടിയതോടെ ലോകം കൂടുതല്‍ മലിനമായി തുടങ്ങി. വനങ്ങള്‍ നശിച്ചു. ലോകത്തു നിന്നും ജീവജാലങ്ങള്‍ നിരവധിയെന്നോണം അപ്രത്യക്ഷമായി തുടങ്ങി. ചൂടു കൂടി. ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകാന്‍ തുടങ്ങി. കാലാവസ്ഥാവ്യതിയാനങ്ങള്‍ തുടര്‍ക്കഥയായി. മന്ദഗതിയെ കുറിച്ച്, ചെറുതിനെ കുറിച്ച്, പ്രകതിയെ കുറിച്ച് മനുഷ്യന്‍ ആലോചിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് മനീഷികള്‍ക്കെങ്കിലും തോന്നിത്തുടങ്ങി.
സന്തോഷ്‌കുമാറിന്റെ കഥയിലെ ആദ്യവാക്യം തന്നെ – ഈ നാരകം ഒട്ടുചെടിയില്‍ നിന്നും വളര്‍ന്നുണ്ടായതല്ല- ഈ ലോകത്തിന്റെ പ്രശ്‌നസങ്കീര്‍ണ്ണതയെ കുറിച്ച് ആകുലനാകുന്നവനെ കാണിച്ചു തരുന്നുണ്ട്. ഒട്ടുചെടി വേഗതയുടെ രൂപകമായി നമ്മുടെ മുന്നില്‍ വരുന്നു! പെട്ടെന്നു മുളയിടാനും വളരാനും കായ്ക്കാനും ശേഷിയുള്ള ചെടികളാണവ. പ്രകൃതിയുടെ സ്വാഭാവികതാളമനുസരിച്ചല്ല; മനുഷ്യേച്ഛയനുസരിച്ച് അവ വളരുകയും കായ്ക്കുകയും ചെയ്യുന്നു.
പ്രകൃതിയുടെ ഭാഗമായ മനുഷ്യന്റെ ഇച്ഛ അതിന്റെ സ്വാഭാവികതയില്‍ ഉള്‍ച്ചേരുന്നില്ലേയെന്ന മറുചോദ്യം ഉന്നയിക്കാം. വാദം ശരിയാണ്! എന്നാല്‍, പ്രകൃതിയെ പുറത്തുള്ള വസ്തുവായി മാത്രം നോക്കിക്കാണുന്ന സംസ്‌കാരത്തിന് എത്രത്തോളം പ്രകൃതിയുടെ സ്വാഭാവികതയാര്‍ജ്ജിക്കാന്‍ കഴിയുമെന്നത് ചിന്തനീയമാണ്! മന്ദഗതിയില്‍, പ്രകൃതിയുടെ സ്വാഭാവികഗതിയില്‍ വളരുന്ന നാരകച്ചെടി നടുന്ന ആഖ്യാനകാരന്‍ നമ്മുടെ സംസ്‌കൃതിക്കെതിരെ ചില വിമര്‍ശവാക്യങ്ങള്‍ എഴുതുകയാണ്.
ഈ സ്വാഭാവികഗതിക്കേ ഭാവിയെ എത്തിപ്പിടിക്കാന്‍ കഴിയൂ എന്നു വിചാരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പരിണാമം കഥയ്ക്കുള്ളില്‍ നടക്കുന്നു. തമാനേയുടെ അനുഭവകഥ; അതു പുരാവസ്തുഗവേഷകന്റെ അനുഭവകഥയാണ്, ഭൂതത്തെ കുറിച്ചറിയണമെങ്കിലും മന്ദഗതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു പറയുന്നു. വര്‍ത്തമാനകാലത്തിന് ഇരുദിശകളിലേക്കുള്ള പ്രയാണത്തിനും മന്ദഗതിയാണ് ഉചിതമെന്നു അതു കരുതുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയും സ്വാഭാവികമായ താളത്തിലാകട്ടെ എന്ന് ഉദ്‌ഘോഷിക്കുന്ന കഥയാണ് സന്തോഷ്‌കുമാര്‍ എഴുതിയത്. അതിജീവനത്തിന് ഇതാണ് അഭികാമ്യമായിട്ടുള്ളത്!
തമാനേ ആഖ്യാനകാരനോടു പറയുന്ന ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക – കാരുണ്യമാണ് ഈ തൊഴിലിനു വേണ്ടത്. കരുത്തോ വേഗതയോ അല്ല. ഭൂതകാലത്തോട് നിങ്ങളുടെ കാമുകിയോടെന്ന വണ്ണം കരുതല്‍ വേണം. അല്ലെങ്കില്‍ നമ്മള്‍ അന്വേഷിക്കുന്ന ലോകം പിണങ്ങിപ്പൊടിഞ്ഞു പോകും -ഭൂതകാലത്തോടു സംവദിക്കാന്‍ ശ്രമിക്കുന്ന പുരാവസ്തുഗവേഷകനു വേണ്ട ഗുണങ്ങളെ കുറിച്ചാണ് തമാനേ പറയുന്നത്. എന്നാല്‍, ഈ വാക്യങ്ങള്‍ അതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല.
ഭൂതകാലം എന്ന വാക്കിനു പകരം പ്രകൃതി എന്ന വാക്കു കൊണ്ടു പൂരിപ്പിക്കുക. പ്രകൃതിയോടു കാമുകിയോടെന്ന പോലെ കരുതല്‍ വേണമെന്നു വായിക്കുക! അല്ലെങ്കില്‍ ഈ ലോകം പിണങ്ങിപ്പൊടിഞ്ഞു പോകും. സാദൃശ്യമുള്ള രണ്ടു ലോകങ്ങളെ സൃഷ്ടിച്ചു കൊണ്ട് തനിക്കു പകരാനുള്ള ആശയത്തിനു മിഴിവു നല്‍കുന്ന സന്ദര്‍ഭങ്ങളെ കഥാകാരന്‍ സൃഷ്ടിക്കുന്നു.
ഈ കഥ വേഗതയുടെ വിമര്‍ശം എന്ന ഏകാര്‍ത്ഥത്തിലേക്കു ചുരുക്കപ്പെടണമെന്ന താല്‍പ്പര്യത്തോടെയല്ല ഇക്കാര്യങ്ങള്‍ കുറിച്ചത്. കഥയുടെ ബഹുസ്വരതയെ നിഷേധിക്കുന്ന സമീപനമായിരിക്കും ഇത്! മുന്നേ സൂചിപ്പിച്ച സദൃശലോകങ്ങളും നാരകച്ചെടിയുടെ ഉപമ സൃഷ്ടിക്കുന്ന രൂപകാത്മകതയും മാത്രമല്ല, നിരന്തരം രൂപകാത്മകതയുടെ തീക്ഷ്ണകാന്തിയും ശക്തിയും കോരിച്ചൊരിയുന്ന കഥയാണിത്.
സത്യമെന്നത് രൂപകങ്ങളുടെ പടനീക്കമാണെന്ന് നീത്‌ഷെ പറഞ്ഞതിനെ സാധൂകരിക്കുന്ന ആഖ്യാനമായി ഇതു മാറുന്നുണ്ട്. മനുഷ്യജ്ഞാനമൊട്ടാകെ അലങ്കാരനിബിഡമാണെന്നു കൂടി ആ പണ്ഡിതന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. മനുഷ്യര്‍ക്ക് രൂപകങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള അടങ്ങാത്ത ത്വരയുണ്ട്. കലയിലും മിത്തുകളിലും രൂപകങ്ങളുടെ ആവിഷ്‌ക്കാരത്തിലൂടെ മനുഷ്യന്‍ പുതിയ വഴികള്‍ തേടുകയാണ്. രൂപകങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന സഹജാവബോധമുള്ള മനുഷ്യനെയാണ് നീത്‌ഷെ സ്വീകരിക്കുന്നത്.
സന്തോഷിന്റെ കഥയില്‍ നിറയുന്ന രൂപകങ്ങള്‍ അനേകം വ്യാഖ്യാനസാദ്ധ്യതകളെ തുറന്നു തരുന്നു. കഥയുടെ ശീര്‍ഷകത്തില്‍ വരുന്ന ഉപമ എന്ന വാക്കു തന്നെ കഥാകാരന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവേശികയാണ്.
തമാനേയുടെ കൈയിലെ ആറാം വിരല്‍ ഏതോ സവിശേഷസൂചകം പോലെ പ്രത്യക്ഷപ്പെടുന്നു. ആറുവിരലുകളുള്ളവര്‍ക്ക് ദിവ്യശേഷിയുണ്ടെന്ന് പൗരാണികര്‍ കരുതിയിരുന്നുവത്രേ! ആറുവിരലുള്ള മുദ്രകള്‍ ഭിത്തിയില്‍ പതിച്ചു സൂക്ഷിക്കുന്ന ഗോത്രങ്ങളുണ്ടായിരുന്നു. എന്നാല്‍, മലയാളത്തില്‍ എഴുതപ്പെട്ട ആറാം വിരല്‍ എന്ന ആഖ്യാനത്തില്‍ ക്രൂരമായ പ്രവൃത്തികള്‍ ചെയ്യാന്‍ ഏല്‍പ്പിക്കപ്പെടുന്ന അലിദോസ്തിന്റെ കഥയാണ് ആനന്ദ് ആവിഷ്‌ക്കരിച്ചത്.
ഇരുകാലുകളിലും ഇരുകൈകളിലും ആറുവിരലുകളുണ്ടായിരുന്ന അലിദോസ്ത് ഹുമയൂണിന്റെ സഹോദരനായ കാമ്രാന്റൈ രണ്ടു കണ്ണുകളിലും ഹുമയൂണിന്റെ കല്‍പ്പന പ്രകാരം സൂചികള്‍ കുത്തിയിറക്കുന്നതിനെ കുറിച്ചു പറഞ്ഞു കൊണ്ടാണ് ആ കഥ ആരംഭിക്കുന്നത്. ഇവിടെ, പുരാവസ്തുഗവേഷകന്റെ പ്രവൃത്തി കാരുണ്യത്തോടെ നിര്‍വ്വഹിക്കണമെന്നു പറയുന്ന ക്രിസ്തുദേവന്റെ കാരുണ്യമുള്ളവനെയാണ് തമാനേ എന്ന ആറുവിരലുകാരനില്‍ നാം കാണുന്നത്.
അത് പൗരാണികന്റെ കാരുണ്യത്തിന്റെ പാതയിലാണ്, അലിദോസ്തിന്റെ ക്രൗര്യത്തിന്റെ മാര്‍ഗ്ഗത്തിലല്ല. തമാനേയുടെ ആറാം വിരല്‍ ആഖ്യാനകാരനില്‍ ആദ്യം ജനിപ്പിക്കുന്നത് അറപ്പാണ്. ഈ ആദ്യപ്രതികരണം വളരെ സ്വാഭാവികമായ പ്രതികരണമാണ്. (മനുഷ്യരുടെ മനസ്സറിയാന്‍ കഴിവുള്ളവനാണ് ഈ ആഖ്യാനം നിര്‍വ്വഹിക്കുന്നത്.) തമാനേയുടെ സാന്നിദ്ധ്യം; ബസില്‍ തന്നോടു ചേര്‍ന്നുള്ള ഇരിപ്പും മധുരനാരങ്ങ തീറ്റയും എല്ലാം, ആഖ്യാനകാരനില്‍ സൃഷ്ടിക്കുന്നത് അറപ്പും അലോസരവുമാണ്.
മന്ദഗതിയില്‍ തന്നോടുള്ള അയാളുടെ സമീപനത്തെ ആറുവിരലുകാരന്‍ മാറ്റിയെടുക്കുന്നു. തമാനേ ഇറങ്ങിപ്പോകുമ്പോള്‍ ആഖ്യാനകാരന്‍ ലഗേജ് എടുത്തു നല്‍കുന്നു. അയാള്‍ക്കെന്നോണം തമാനേ ഉപേക്ഷിച്ചു പോയ നാരങ്ങയുടെ കുരുക്കള്‍ ആഖ്യാതാവ് എടുക്കുന്നു. മണ്ണില്‍ നടുന്നു. തമാനേയുടെ കാരുണ്യം പൂര്‍വ്വികനില്‍ നിന്നും ലഭിച്ചതാണ്. അയാള്‍ തന്റെ പുരാവസ്തുഖനനത്തില്‍ കണ്ടെടുക്കുന്നത് ആറുവിരലുള്ള ഒരു അസ്ഥികൂടമാണ്. ഈ ആറു വിരലിന്റെ അസ്ഥിസമാനമായ സ്ഥിതിയെ ബസില്‍ നിന്നിറങ്ങി നടന്നു പോകുന്ന തമാനേയുടെ കൈകളില്‍ ആഖ്യാനകാരന്‍ അനുഭവിക്കുന്നുണ്ട്. മനുഷ്യകാരുണ്യത്തിന്റെ പുരാതനത്വത്തെ, അതു വീണ്ടെടുക്കണമെന്ന ആഗ്രഹത്തെ സന്തോഷിന്റെ കഥ എഴുതുന്നു.
എഴുത്തിലെ രൂപകങ്ങള്‍ പുതിയ വഴികള്‍ തുറക്കുന്നവ മാത്രമല്ല. അത് പ്രത്യയശാസ്ത്രത്തെ കൂടി വഹിക്കുന്നു. രൂപകങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ ശുദ്ധമായ ഒരു പ്രക്രിയയല്ല. സമൂഹത്തിലെ പൊതുബോധവും അധീശവ്യവസ്ഥയും രൂപകങ്ങളുടെ തെരഞ്ഞെടുപ്പില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നു പറയണം. പ്രത്യയശാസ്ത്രം വൈരുദ്ധ്യാത്മകമായതു കൊണ്ട് അധീശവര്‍ഗത്തിന്റേതെന്ന പോലെ കീഴാളവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളും രൂപകങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. അധീശവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രത്തിന് കൂടുതല്‍ സംഭാവ്യതയുണ്ട്. നാരകങ്ങളുടെ ഉപമ എന്ന കഥയിലെ രൂപകങ്ങളും ഇതില്‍ നിന്നും മുക്തമല്ല.
ഒരു ഉദാഹരണം കൊണ്ട് ഇതു വ്യക്തമാക്കാം. ഭൂതകാലത്തോട് നിങ്ങളുടെ കാമുകിയോടെന്ന വണ്ണം കരുതല്‍ വേണമെന്ന് തമാനേ ആഖ്യാനകാരനോടു പറയുമ്പോള്‍ അത് മനുഷ്യനോടുള്ള പറച്ചിലല്ല, പുരുഷനോടുള്ള പറച്ചിലായി മാറിത്തീരുന്നുണ്ട്. പുരുഷാധികാരത്തിന്റെ ശബ്ദം അബോധത്തില്‍ നിന്നും പുറത്തു വരുന്നതായി വ്യാഖ്യാനിക്കാവുന്നതാണ്.
ഭൂതകാലത്തെ കാമുകിയാക്കുന്ന രൂപകത്തില്‍, തമാനേയുടെ സംബോധനയില്‍ നിന്നും സ്ത്രീ പുറത്താക്കപ്പെടുന്നു. യൗവ്വനത്തില്‍ ഭര്‍ത്താവിനാല്‍ സംരക്ഷിക്കപ്പെടുന്ന സ്ത്രീയെ പോലെ സവിശേഷ സംരക്ഷണം ആവശ്യപ്പെടുന്ന ഗണമായി സ്ത്രീയെ തിരിച്ചറിയുന്നത് അധികാരമനോഭാവത്താലാണ്. പുരുഷന്റെ രക്ഷാകര്‍ത്തൃബിംബം ഇവിടെ ഉണര്‍ന്നിരിക്കുന്നു. സംരക്ഷണം വേണ്ടതു പ്രകൃതിക്കും മനുഷ്യനും മുഴുവനായിട്ടാണല്ലോ. പ്രകൃതിസ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ഭ്രാന്തമായ വേഗതയുടെ വിമര്‍ശത്തിന്റേയും കഥ ഇടയ്‌ക്കെപ്പോഴോ അബോധത്തില്‍ നിന്നും ഒഴിഞ്ഞുപോകാത്ത പുരുഷാധിപത്യത്തെ പ്രകടിപ്പിക്കുന്നു. ഒരു ആഖ്യാനവും കേവലവിശുദ്ധിയുടെ അടയാളങ്ങള്‍ മാത്രം വഹിച്ചു കൊണ്ട് നമ്മെ സമീപിക്കുന്നില്ല!