Kerala
അനധികൃത സ്വത്ത് സമ്പാദനം: വി.വി രമേശ് കുറ്റക്കാരനല്ലെന്ന് സി.പി.ഐ.എം അന്വേഷണ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Oct 26, 05:57 am
Friday, 26th October 2012, 11:27 am

കാസര്‍ഗോഡ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.വൈ.എഫ്.ഐ നേതാവും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷററുമായ വി.വി.രമേശ് കുറ്റക്കാരനല്ലെന്ന് സി.പി.ഐ.എം അന്വേഷണ റിപ്പോര്‍ട്ട്.[]

പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ പ്രവേശനം നേടിയെടുത്തതില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മകള്‍ക്ക് എന്‍.ആര്‍.ഐ പ്രവേശനം നേടിക്കൊടുത്തത് പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷം ആവണമായിരുന്നെന്നും കമ്മീഷന്‍ വിലയിരുത്തി.

സി.എച്ച് കുഞ്ഞമ്പു, വി.വി. ഗോവിന്ദന്‍,പി.ദിവാകരന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗീകരിച്ചു.

50 ലക്ഷം രൂപ കൊടുത്ത് വി.വി രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

രമേശന്റെ മകള്‍ ആര്യയുടെ വിദേശത്തുള്ള അമ്മാവന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് സീറ്റ് നല്‍കിയിരുന്നത്. ആര്യയ്ക്ക് പ്രവേശനം നല്‍കിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പരിയാരം ഭരണസമിതി അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകനായ രമേശിന് ഇത്രയും വലിയ തുക എങ്ങനെ ലഭിച്ചെന്നും രമേശ് പല ബിനാമി ഇടപാട് വഴി കോടിക്കണക്കിന് രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു.

തുടര്‍ന്നാണ് അന്വേഷണത്തിനായി പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത്. മകളുടെ സീറ്റിനായി പല ബന്ധുക്കളില്‍ നിന്നും പണം വാങ്ങുകയായിരുന്നെന്നും രമേശിന് അനധികൃതമായ സ്വത്ത് എവിടെയും ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി കമ്മീഷന്‍ പറഞ്ഞു.

പരിയാരം ഭരണസമിതി ചെയര്‍മാനായ എം.വി ജയരാജന്‍ ഭരണസമിതിയിലിരിക്കെയാണ് ഡി.വൈ.എഫ്.ഐ ട്രഷററായ രമേഷന്റെ മകള്‍ 45ലക്ഷം രൂപനല്‍കി പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയിരുന്നത്. ഇതും വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ കാരണമായിരുന്നു.