| Wednesday, 20th November 2024, 6:36 pm

ജാതിവിരുദ്ധ ചിന്തകന്‍ വി.ടി രാജശേഖരന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജാതിവിരുദ്ധ ചിന്തകനുമായ വി.ടി. രാജശേഖരന്‍ (93) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ 20 വര്‍ഷത്തിലധികം പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന അദ്ദേഹം ‘ദളിത് വോയ്‌സ്’ എന്ന ആനുകാലികത്തിന്റെ സ്ഥാപക പത്രാധിപരും അംബേദ്ക്കറൈറ്റുമായിരുന്നു.

1981ലാണ് അദ്ദേഹം ദളിത് വോയ്‌സ് സ്ഥാപിക്കുന്നത്. ദളിത് സമൂഹത്തിന് വേണ്ടി നിരന്തരം സംസാരിച്ചിരുന്ന വി.ടി. രാജശേഖരന്‍ അവര്‍ നേരിടുന്ന അനീതികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്.

ദളിത് വോയ്‌സ് വളരെ പെട്ടെന്ന് തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ആനുകാലികമായി മാറി. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ‘ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി പ്രചരിക്കുന്ന ദളിത് ജേണല്‍’ എന്നാണ് ഈ ആനുകാലികത്തെ വിശേഷിപ്പിച്ചത്. 2011ലാണ്  ദളിത് വോയ്‌സ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നത്.

1986ല്‍ ഹിന്ദു വിരുദ്ധ രചനകള്‍ നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു. ബ്രാഹ്‌മണിസത്തിന്റെയും സംഘപരിവാറിന്റെയും കടുത്ത വിമര്‍ശകനുമായിരുന്നു വി.ടി. രാജശേഖരന്‍.

ദളിത് സാഹിത്യ അക്കാദമി ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 20ഓളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ പല കൃതികളും മലയാളമടക്കമുള്ള പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2005ല്‍ ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യയുടെ ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

സംസ്‌കാരം നാളെ (വ്യാഴാഴ്ച)  ഉഡുപ്പിയിലെ ഒന്തിബെട്ടുവില്‍ നടക്കും.

Content Highlight: V. T. Rajshekar passed away

We use cookies to give you the best possible experience. Learn more