കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മാതൃകയിലുള്ള പിണറായി സര്‍ക്കാരിന്റെ വേട്ടയാടലുകളെ അതിജീവിച്ചയാളാണ് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി. ബല്‍റാം. പ്ലസ് ടു കോഴക്കേസില്‍ ഷാജിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഔദ്യോഗിക ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടലിന് ദുരുപയോഗപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അതേ മാതൃക തന്നെയാണ് സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റേതും.
അത്തരം വേട്ടയാടലുകളെ നിയമത്തിന്റെ വഴിയിലൂടെ അതിജീവിച്ച ശ്രീ. കെ.എം. ഷാജിക്ക് അഭിവാദനങ്ങള്‍,’ എന്നാണ് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.
വ്യാഴാഴ്ചയാണ് പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്ലസ് ടു കോഴ്സ് അനുവദിക്കാമെന്ന് പറഞ്ഞ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങി എന്നതായിരുന്നു ഷാജിക്കെതിരായ കേസ്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് 2020ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് അഴീക്കോട്ടെ ഷാജിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
വിജിലന്‍സ് എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്തുകൊണ്ട് നേരത്തെ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നത്.
Content Highlight: V.T. Balram says K.M. Shaji is a survivor of the central government-style Pinarayi government’s persecution