പാലക്കാട്: സംഘട്ടനങ്ങളില്‍ കൊല്ലപ്പെടുന്നവരെയെല്ലാം മുന്‍പിന്‍ നോക്കാതെ ‘രക്തസാക്ഷി’കളാക്കി ചിത്രീകരിച്ച് ഗ്ലോറിഫൈ ചെയ്യുന്ന ഇമോഷണല്‍ ഗെയിമാണ് എന്നും സി.പി.ഐ.എം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ്, മിഥ്‌ലാജ് എന്നിവരുടെ
കൊലപാതകത്തിലെ സാക്ഷികള്‍, പ്രതികളായി എന്നതുസംബന്ധിച്ച മലയാള മനോരമയുടെ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ഒരുപാട് മുതലെടുപ്പ് നടത്തിയ, എ.എ. റഹീം തലശ്ശേരിയില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ലഹരി മാഫിയയുടെ കരങ്ങളാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പ്രതികരിക്കാഞ്ഞെതെന്താണെന്നും ബല്‍റാം പറഞ്ഞു.
‘മരണത്തിന്റെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ പോലും പലപ്പോഴും മറച്ചുവെച്ചും വളച്ചൊടിച്ചും സി.പി.ഐ.എമ്മിനനുകൂലമായ വൈകാരിക തരംഗം സൃഷ്ടിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല മാധ്യമങ്ങളിലേയും സാംസ്‌ക്കാരിക ലോകത്തേയും പ്രൊപ്പഗാണ്ട വിദഗ്ദരേയും സി.പി.ഐ.എം എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് പിരിവും സ്മാരക നിര്‍മ്മാണവുമൊക്കെയായി മറ്റ് നിരവധി സാധ്യതകളും സി.പി.ഐ.എമ്മിനെ ആകര്‍ഷിക്കുന്നുണ്ട്.
കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ വലിയതോതില്‍ ദുഷ്പ്രചരണം നടത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വ്യാപകമായ അക്രമങ്ങള്‍ നടത്താനും സി.പി.ഐ.എമ്മിന് വീണുകിട്ടിയ ഒരവസരമായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകം.
ഡി.വൈ.എഫ്.ഐ നേതാവും പിന്നീട് എം.പിയുമായ എ.എ. റഹീമൊക്കെ അന്ന് ചാനല്‍ മുറികള്‍ തോറും ഓടിനടന്ന് നടത്തിയ ഇമോഷണല്‍ മെലോഡ്രാമയൊക്കെ ഇപ്പോഴും കേരളീയരുടെ മനസ്സിലുണ്ട്.
ഇപ്പോഴിതാ അന്ന് പിണറായിയുടെ പൊലീസ് സാക്ഷികളായി ഉള്‍പ്പെടുത്തി രക്ഷപ്പെടുത്താന്‍ നോക്കിയ റഹീം അനുകൂലികളായ ഏഴ് പേരെ വിചാരണ കോടതി ഇടപെട്ട് പ്രതികളാക്കായിരിക്കുന്നു,’ ബല്‍റാം പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ഇതങ്ങനെ ഏകപക്ഷീയമായ കൊലപാതകങ്ങളല്ല, രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനമാണെന്ന് ആളുകള്‍ക്ക് മനസിലായിരുന്നു. ആ ദൃശ്യങ്ങള്‍ കൂടി വിലയിരുത്തിയാണെന്ന് തോന്നുന്നു ഇപ്പോള്‍ കോടതി കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ പൊലീസ് സംവിധാനം എത്രത്തോളം സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് കീഴങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടിയായി ഇത് മാറുകയാണ്. സാധാരണ അടിപിടിക്കേസുകളിലും പ്രാദേശിക തര്‍ക്കങ്ങളിലുമൊക്കെ പൊലീസ് ഭരണ സ്വാധീനത്തിന് വഴങ്ങുന്നത് ഒരു പരിധി വരെ മനസ്സിലാക്കാം. എന്നാല്‍ ക്രിമിനല്‍ മാഫിയകള്‍ ഉള്‍പ്പെടുന്ന അതിക്രൂരമായ കൊലപാതകക്കേസുകള്‍ വരെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി അട്ടിമറിക്കാന്‍ പോലീസ് തുനിഞ്ഞാല്‍ അത് എവിടെച്ചെന്നവസാനിക്കും? നിയമവാഴ്ചയിലുള്ള വിശ്വാസമാണ് ഇവിടെ പൂര്‍ണമായി തകര്‍ന്നുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ഒരുപാട് മുതലെടുപ്പ് നടത്തിയ, സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കിയ എ.എ. റഹീം തലശ്ശേരിയില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ലഹരി മാഫിയയുടെ കരങ്ങളാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അതിനോട് ഒന്ന് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല എന്നും കാണേണ്ടതുണ്ട്.
കാരണമെന്താണെന്ന് കേരളത്തിന് നന്നായറിയാം, തലശ്ശേരിയില്‍ കൊല ചെയ്യപ്പെട്ട രണ്ട് പേരേക്കാള്‍ വലിയ സി.പി.ഐ.എമ്മുകാരനാണ് പ്രതിസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ ലഹരി മാഫിയ എന്ന സാമൂഹ്യ വിരുദ്ധ ശക്തികള്‍ ഒറ്റയടിക്ക് അരുംകൊല ചെയ്ത രണ്ട് സഖാക്കളെക്കാള്‍ ഇവര്‍ക്കൊക്കെ പ്രിയം വെഞ്ഞാറമൂട്ടില്‍ പരസ്പരം ഏറ്റുമുട്ടിയ ഗുണ്ടാ സംഘങ്ങളിലൊരു വിഭാഗത്തേയാണ്,’ ബല്‍റാം കൂട്ടിച്ചേര്‍ത്തു.
Content Highlight: V.T. Balram says CPIM took advantage of Venjaramood murder