തിരുവനന്തപുരം: 90’s കിഡ്‌സിന് മറ്റ് ജനറേഷനുകളേക്കാള്‍ രാഷ്ട്രീയ അവബോധവും ഭരണഘടനാ ബോധവും കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 80കളിലേയും 70കളിലേയും തലമുറക്ക് രാഷ്ട്രീയ നിലപാടുകള്‍ താരതമ്യേന കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെയാണ് വി.ടി. ബല്‍റാമിന്റെ പ്രതികരണം.
‘പുതിയ തലമുറ രാജ്യത്തിന്റെ ഫൗണ്ടിങ് എലമന്റ്‌സിനോട് പൂര്‍ണാര്‍ത്ഥത്തില്‍ ബഹുമാനമുള്ള ആളുകളായിട്ട് തോന്നുന്നില്ല. ഇന്നത്തെ നമ്മുടെ രാജ്യം ഒരു സെക്കുലര്‍ ഡെമോക്രസിയാണെന്ന ധാരണ ദിനംപ്രതി കുറഞ്ഞുവരികയാണ്.
ഭരണഘടന മുമ്പൊന്നുമില്ലാത്ത വെല്ലുവിളികളെ നേരിടുന്നു. ഇതിന്റെ ഗൗരവ സ്വഭാവം യുവ തലമുറക്ക് എത്രത്തോളം മനസിലാക്കാനാവുന്നു എന്നത് ഗൗരവസ്വഭാവത്തിലുള്ള ചോദ്യമാണ്. ഇതിനെ രാഷ്ട്രീയ നിരക്ഷത എന്നൊന്നും പറയാനാകില്ല. പ്രളയ സമയത്ത് അവര്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല.
എന്നാല്‍ 80’s ലും 70’s ലുമൊക്കെയുള്ള തലമുറക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്. ഈ പ്രശ്‌നത്തെ രാജ്യത്തെ യുവജന സംഘടനകള്‍ അഡ്രസ് ചെയ്യേണ്ടതുണ്ട്,’ വി.ടി. ബല്‍റാം പറഞ്ഞു.
മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടും തൊഴിലുമുള്ളവര്‍ പോലും കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്ന പ്രവണത ഗൗരവകരമായി പരിശോധിക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.
‘കേരളം എന്നത് ഒരു അടഞ്ഞ സമൂഹമായി തന്നെ വലിയ ഒരളവുവരെ നില്‍ക്കുന്നു. നാളെയും അങ്ങനെ തന്നെ നില്‍ക്കും എന്ന ചിന്തയാണോ യുവാക്കളെ നാട് വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്ന് നമ്മള്‍ ചിന്തിക്കണം,’ ബല്‍റാം പറഞ്ഞു.