'കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നത് ഒറ്റയ്ക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന നേതാവ്'; ഹാര്‍ദിക് പട്ടേലിന്റെ രാജിക്ക് പിന്നാലെ ചര്‍ച്ചയായി വി.ടിയുടെ പഴയ പോസ്റ്റ്
പാലക്കാട് : ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിടുന്നു എന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഇടത് സൈബര്‍ അണികളാണ് വി.ടി. ബലറാമിന്റെ ഹാര്‍ദിക് പട്ടേലിനെ സംബന്ധിച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കുന്നത്.
മുന്‍ എ.ഐ.സി.സി വക്താവ് ടോം വടക്കന്‍ പാര്‍ട്ടി വിട്ടതിനെ സൂചിപ്പിച്ചായിരുന്നു വി.ടി. ബലറാമിന്റെ പോസ്റ്റ്. ‘വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസിന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍ പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്, എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നത് ഒറ്റയ്ക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദിക് പട്ടേലിനെപ്പൊലുള്ളവരാണെന്ന് മറക്കണ്ട,’ എന്നാണ് ബല്‍റാം പോസ്റ്റില്‍ പറയുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ അടക്കമുള്ളവര്‍ പോസ്റ്റ് കുത്തിപ്പൊക്കുന്നുണ്ട്.
അതേസമയം, ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം കൈമാറി.
കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്റേയും സമൂഹത്തിന്റേയും പൊതു താത്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നുള്ള പ്രാഥമിക അംഗത്വം പിന്‍വലിക്കുകയാണെന്നും ഹാര്‍ദിക് രാജിക്കത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടുയമായി ഏറെക്കാലമായി അകല്‍ച്ചയിലായിരുന്ന ഹാര്‍ദിക് കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ റാലികളില്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ?ഗാന്ധിയോടൊപ്പമുള്ള ഹാര്‍ദിക്കിന്റെ പ്രവേശനം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങല്‍ക്ക് പരിഹാരമാകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍
ബി.ജെ.പി സര്‍ക്കാരിനെ അനുകൂലിച്ച് ഹാര്‍ദിക് അഭിമുഖങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഹാര്‍ദിക്കിന്റെ രാജി കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും.