| Thursday, 26th October 2023, 9:22 am

ഒരു വിനായകനെ പൊലീസ് സംവിധാനത്തില്‍ എത്തിക്കുമ്പോഴേക്കും അനീതി നടന്നുകഴിഞ്ഞു: വിനായകനെയും സ്വരാജിന്റെ ഫലസ്തീന്‍ നിലപാടിനെയും പരിഹസിച്ച് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ വിനായകനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ്വരാജിന്റെ ഫലസ്തീന്‍ അനുകൂല പ്രസ്താവനയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി എന്നാരോപിച്ച് വിനായകനെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തി.

വിനായകന്റെ കാര്യത്തില്‍ കേരള പൊലീസിന് സംഭവിച്ചത് ഒറ്റപ്പെട്ട വീഴ്ചയാണെന്നും പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന വിമര്‍ശനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ച് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തുടര്‍ന്ന് ഈ തെമ്മാടിയെ എല്ലാം മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് പോസ്റ്റിന് താഴെയായി രാഹുല്‍ യു,ഡി.എഫ് എന്ന പ്രൊഫൈലില്‍ നിന്ന് കമന്റ് ചെയ്തു.

അതേസമയം മുക്കാലിയില്‍ കെട്ടി അടിക്കാന്‍ പാടില്ലെന്നും, കാരണം ഒരു വിനായകന്‍ പൊലീസ് സംവിധാനത്തിന് മുന്നില്‍ എത്തുമ്പോഴേക്കും വിനായകനെതിരെ അനീതി നടന്നുകഴിഞ്ഞിരിക്കുന്നുവെന്നും വി.ടി ബല്‍റാം മറുപടി നല്‍കി. ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ സ്വരാജിന്റെ നിലപാടിനെ വിനായകന്റെ അറസ്റ്റുമായി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം.

‘ന്യായമെന്ന് പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മ്മം ഉണ്ടായിരിക്കണം. ധര്‍മ്മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെയാണ്. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്ത് നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്,’ എഴുത്തുകാരന്‍ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലിലെ ഈ ഭാഗം പരാമര്‍ശിച്ചുകൊണ്ടാണ് സ്വരാജ് തന്റെ ഫലസ്തീന്‍ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കണമെന്നും അടിയന്തരമായി ഇരു രാജ്യങ്ങളും യുദ്ധമവസാനിപ്പിക്കണമെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Content Highlight: V.T Balram ridiculed Vinayakan and M. Swaraj’s stance on Palestine

Latest Stories

We use cookies to give you the best possible experience. Learn more