തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം സംബന്ധിച്ച മാധ്യമ വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. വിഷയത്തില്‍ ‘പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി’ എന്ന തലക്കെട്ടില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്ന വി.ടി. ബല്‍റാമിന്റെ പ്രതികരണം.
സ്വന്തം നേര്‍ക്ക് എന്തെങ്കിലും വിമര്‍ശനമുയരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഇത്തരം പൊട്ടിത്തെറികള്‍ പതിവാണെന്ന് വി.ടി. ബല്‍റാം പരിഹസിച്ചു.
ഗവര്‍ണറും മുഖ്യമന്ത്രിയും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തങ്ങളും മറക്കരുത്. സ്വജന പക്ഷപാതത്തിന് തന്റെ ഓഫീസിന്റെ സ്വാധീനം ദുരുപയോഗിക്കുന്നത് മുഖ്യമന്ത്രിയും കണ്ടറിഞ്ഞ് തിരുത്തണമെന്നും ബല്‍റാം പറഞ്ഞു.
എന്തും വിളിച്ചുപറയുന്നതിനേക്കാള്‍ ഗൗരവമുള്ളതാണ് അധികാരമുണ്ടെന്ന്‌വെച്ച് എന്ത് തോന്ന്യാസവും ചെയ്യാനുള്ള പ്രവണതയും. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നടപടികള്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമാണ് എന്ന് ഉറപ്പുവരുത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി’
പുതിയ കാര്യമല്ല. പ്രത്യേകിച്ചും സ്വന്തം നേരെ എന്തെങ്കിലും വിമര്‍ശനമുയരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഇത്തരം പൊട്ടിത്തെറികള്‍ പതിവാണ്.
‘ബന്ധു നിയമനം: ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധം’
ഗവര്‍ണര്‍ പല അസംബന്ധങ്ങളും പറയാറുണ്ട്. പക്ഷേ, ബന്ധു നിയമന വിഷയത്തില്‍ ഗവര്‍ണറുടെ ഇപ്പോഴത്തെ നടപടികളെ അങ്ങനെ ഒറ്റയടിക്ക് തള്ളിപ്പറയാനാവില്ല.
‘ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം’
ഗവര്‍ണറോടും മുഖ്യമന്ത്രി/ആഭ്യന്തര മന്ത്രിയോടും ജനങ്ങള്‍ക്ക് പറയാനുള്ളത് ഇതു തന്നെയാണ്. സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തങ്ങളും മറക്കരുത്. സ്വജന പക്ഷപാതത്തിന് തന്റെ ഓഫീസിന്റെ സ്വാധീനം ദുരുപയോഗിക്കുന്നത് മുഖ്യമന്ത്രിയും കണ്ടറിഞ്ഞ് തിരുത്തണം.
യോഗ്യതയുണ്ടായാല്‍ അപേക്ഷിക്കാം. പക്ഷേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ല എന്നാണ് ആരോപണം. അര്‍ഹരായ മറ്റ് ആളുകള്‍ ഉണ്ടാകുമ്പോള്‍ യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നത് അഴിമതിയും സ്വജനപക്ഷപാതവുമാണ്.
ഗവര്‍ണര്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു ഇതുവരെ എന്നതാണ് ഞങ്ങളുടെ ആക്ഷേപം. ഗവര്‍ണര്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലെ തന്റെ അധികാരങ്ങള്‍ കുറേക്കൂടി കൃത്യമായി നിര്‍വഹിക്കണമായിരുന്നു. കണ്ണൂര്‍ വി.സി.യുടെ പുനര്‍നിയമനക്കാര്യത്തില്‍ ഗവര്‍ണര്‍ തന്റെ അധികാരം ശരിയാംവണ്ണം ഉപയോഗിക്കാതെ സര്‍ക്കാരിന്റെ തന്നിഷ്ടത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.
‘എന്തും വിളിച്ചു പറയാനുള്ള പദവിയാണോ ഗവര്‍ണര്‍’
അല്ല. മുഖ്യമന്ത്രി പദവിയും അങ്ങനെത്തന്നെ. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം ബഹുമാനിച്ച് മുന്നോട്ടുപോകണം. എന്നാല്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പരസ്പരം ഒത്തുകളിക്കുകയല്ല വേണ്ടത്.
എന്തും വിളിച്ചു പറയുന്നതിനേക്കാള്‍ ഗൗരവമുള്ളതാണ് അധികാരമുണ്ടെന്ന് വെച്ച് എന്ത് തോന്ന്യാസവും ചെയ്യാനുള്ള പ്രവണതയും. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നടപടികള്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമാണ് എന്ന് ഉറപ്പുവരുത്തേണ്ടത് മുഖ്യമന്ത്രിയാണ്.