തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
ശമ്പള കുടിശിക അനുവദിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സംഭാവന ചെയ്തതിന്റെ രസീത് ചിന്ത ജെറോം പ്രസിദ്ധപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ബല്‍റാം പറഞ്ഞു.
കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ചിന്ത ജെറോം പറഞ്ഞത് ഓര്‍മിപ്പിച്ചാണ് വി.ടി. ബല്‍റാമിന്റെ പ്രതികരണം.
താന്‍ കുടിശ്ശികയൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് നേരത്തെ ചിന്താ ജെറോം ആവര്‍ത്തിച്ചു പറഞ്ഞിരുന്നത് വാസ്തവ വിരുദ്ധമാണെന്ന് ഇതുമായി ബന്ധപ്പെട്ട
ഉത്തരവ് വ്യക്തമാക്കുന്നുവെന്നും ബല്‍റാം പറഞ്ഞു. കുടിശ്ശിക വേതനം അനുവദിച്ചതിന്റെ ഉത്തരവ് ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
‘കേരള സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോമിന് കുടിശ്ശിക വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു എന്ന തലക്കെട്ടോടെ ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. അതിലെ പരാമര്‍ശം നാല് ആയി നല്‍കിയിരിക്കുന്നത് 20.8.2022ന് ഡോ. ചിന്താ ജെറോം സര്‍ക്കാരിലേക്കയച്ച 698/എ1/2018/കേ.സം.യു.ക നമ്പര്‍ കത്താണ്.
14.10.2016 മുതല്‍ 25.05.2018 വരെയുള്ള കാലത്ത് ശമ്പള കുടിശ്ശികയുണ്ടെന്നും അത് സര്‍ക്കാര്‍ തനിക്ക് അനുവദിച്ചു നല്‍കണമെന്നുമാണ് ഈ കത്തിലൂടെ ഡോ. ചിന്താ ജെറോം സര്‍ക്കാരിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ശ്രദ്ധിക്കുക, യുവജന കമ്മീഷന് വേണ്ടി സെക്രട്ടറിയോ മറ്റാരെങ്കിലുമോ അല്ല സര്‍ക്കാരിലേക്ക് കത്തയച്ചിരിക്കുന്നത്, ചെയര്‍പേഴ്‌സണായ ഡോ. ചിന്താ ജെറോം തന്നെയാണ് എന്ന് ഈ സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.
താന്‍ കുടിശ്ശികയൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് നേരത്തേ ഡോ. ചിന്ത ജെറോം ആവര്‍ത്തിച്ചു പറഞ്ഞിരുന്നത് വാസ്തവ വിരുദ്ധമാണെങ്കിലും, അവരങ്ങനെ മനപൂര്‍വം കള്ളം പറഞ്ഞതാവാന്‍ വഴിയില്ല, ഓര്‍മക്കുറവു കൊണ്ടാവും.
ഏതായാലും ഈ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ 6.01.2017 മുതല്‍ 25.05.2018 വരെയുള്ള ഏതാണ്ട് 17 മാസത്തെ കുടിശ്ശിക ഡോ. ചിന്താ ജെറോമിന് അനുവദിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. അഡ്വാന്‍സ് വാങ്ങിയത് കഴിഞ്ഞാല്‍ ഓരോ മാസവും 50,000 രൂപയാണ് കുടിശ്ശികയായി നില്‍ക്കുന്നത് എന്നതിനാല്‍ ഈ ഉത്തരവ് പ്രകാരം ഏതാണ്ട് 8.50 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഡോ. ചിന്താ ജെറോമിന് ലഭിക്കും.
പക്ഷേ, യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നഷ്ടമുണ്ടാകാന്‍ വഴിയില്ല. കാരണം, ഈ കിട്ടുന്ന മുഴുവന്‍ തുകയും ഡോ. ചിന്താ ജെറോം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ തിരിച്ച് സംഭാവന ചെയ്യുമെന്ന് നേരത്തെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ! അങ്ങനെ സംഭാവന ചെയ്ത് അതിന്റെ രസീത് ഡോ. ചിന്താ ജെറോം തന്നെ പ്രസിദ്ധപ്പെടുത്താനാണ് സാധ്യത,’ വി.ടി. ബല്‍റാം പറഞ്ഞു.
ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ 17 മാസത്തെ ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നരത്തെ ഒരു ലക്ഷം രൂപയായി ശമ്പളം വര്‍ധിപ്പിച്ചിരുന്നു.
Content Highlight : V.T. Balram reacted to the state government’s sanction of salary arrears to state youth commission chairperson Dr. Chintha Jerome