കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കണ്ടെത്തണമെന്ന രാഹുല്‍ ഗാന്ധിയുടെയും അതിനോട് യോജിച്ചുക്കൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെയും പ്രസ്താവനകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ആര് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നു എന്നുള്ളതല്ല പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് നാളുകളായി നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി ടി ബല്‍റാം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ കഴിവുള്ള ഒരുപാട് നേതാക്കളുണ്ടെന്നും അവരില്‍ നിന്നും ഏറ്റവും അര്‍ഹതപ്പെട്ട ഒരാളെ അധ്യക്ഷസ്ഥാനത്തേക്ക് എത്രയും വേഗം കണ്ടെത്താന്‍ ഉന്നത നേതൃത്വം തയ്യാറാകണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു. India Tomorrow: Conversations with the Next Generation of Political Leaders എന്ന പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച ഇരുവരുടെയും പ്രസ്താവനകളുള്ളത്.
ഇതിനോട് പ്രതികരിച്ചുക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വി ടി ബല്‍റാം എം.എല്‍.എ ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവന്നത് ഒരു സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പ്രതീക്ഷിച്ച അത്ര വിജയം ഉണ്ടായില്ല. അതിന്റെ രാഷ്ട്രീയവും ധാര്‍മികവുമായ ഉത്തരവാദിത്തം ഏറ്റെടുത്തുക്കൊണ്ട് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാറിനില്‍ക്കുന്ന സമയത്ത് അദ്ദേഹം തന്നെ മുന്നോട്ടുവെച്ച നിര്‍ദേശമാണ് ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ ഒരു നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്നത്. ദൗര്‍ഭാഗ്യവശാല്‍ ആ നിലയില്‍ ഒരു പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തുടര്‍ന്ന് സോണിയ ഗാന്ധിക്ക് തന്നെ താല്‍ക്കാലിക അധ്യക്ഷയുടെ ചുമതല നല്‍കുകയായിരുന്നു.
അപ്പോഴും നമ്മളൊക്കെ പ്രതീക്ഷിച്ചിരുന്നത് അധികം വൈകാതെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും, ഒരു പുതിയ അധ്യക്ഷനെ കണ്ടെത്തും എന്നുള്ളതായിരുന്നു. അത് നീണ്ടുപോകുന്നു എന്നുള്ളതാണ് ഞങ്ങളെപ്പോലെയുള്ള ആളുകള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന കാര്യം.
കോണ്‍ഗ്രസില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ്. അദ്ദേഹം തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം ആളുകളുടെയും അഭിപ്രായവും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുക എന്നുള്ളത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കണ്ടു ശീലിച്ച മാതൃകയല്ല. ചില പാശ്ചാത്യരാജ്യങ്ങളില്‍ ഈ രീതി കാണാമെങ്കിലും ഇന്ത്യയില്‍ ഈ ശൈലി നമ്മള്‍ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതിന് പല കാരണങ്ങളുണ്ട്. അത് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. അങ്ങനെ കോണ്‍ഗ്രസിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകകണം.
രാഹുല്‍ ഗാന്ധിയാണ് സ്വാഭാവികമായും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ടത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കൂടിയാണ്. ഇനി അദ്ദേഹം ഒരു കാരണവശാലും ഈ സ്ഥാനം ഏറ്റെടുക്കുന്നില്ല എന്ന നിര്‍ബന്ധബുദ്ധിയില്‍ നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും പുതിയൊരു അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തില്‍ വൈകരുത്. ഈ അനിശ്ചിതാവസ്ഥ അവസാനിക്കണം. ആര് പ്രസിഡന്റ് ആകണം എന്നതിനേക്കാള്‍ ഈ അനിശ്ചിതാവസ്ഥ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നു എന്നതാണ് പ്രശ്‌നം. അതിനാണ് പരിഹാരം കാണേണ്ടത്.
കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഇതിനെക്കുറിച്ച് ഗൗരവമായ കൂടിയാലോചനകള്‍ നടത്തണം. കോണ്‍ഗ്രസില്‍ കഴിവുള്ളവരുടെ കുറവൊന്നുമില്ല. കഴിവുള്ള ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിമാരുമൊക്കെയായി ഇരുന്നുകൊണ്ട് പാര്‍ട്ടിയുടെ പല തലങ്ങളില്‍ പ്രവര്‍ത്തിച്ച് അനുഭവസമ്പത്ത് നേടിയ ഒരുപാട് പേരുണ്ട്.
ഇത്തരത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ അര്‍ഹതപ്പെട്ട ആളുകളില്‍ നിന്നും ഏറ്റവും അര്‍ഹതപ്പെട്ട ഒരാളെ എത്രയും പെട്ടെന്ന് അധ്യക്ഷനായി നിയമിക്കണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ