| Wednesday, 26th August 2020, 1:46 pm

തീപിടിത്തം എന്‍.ഐ.എ അന്വേഷണം പടിവാതിലില്‍ എത്തിനില്‍ക്കെ, വി.ഐ.പി സന്ദര്‍ശന രേഖകളടക്കം സൂക്ഷിച്ചിടത്തെ തീപിടിത്തം ദുരൂഹം: വി.ടി ബല്‍റാം സംസാരിക്കുന്നു

വി ടി ബല്‍റാം

സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് വി.ടി ബല്‍റാം എം.എല്‍.എ. എന്‍.ഐ.ഐ അന്വേഷണം നടക്കാനിരുന്നിടത്ത് തന്നെ അപകടമുണ്ടായതില്‍ ദുരൂഹതയുണ്ടെന്നും ഈ സെക്ഷനുകളില്‍ ഇ-ഫയിലിംഗ് പൂര്‍ണ്ണമായിട്ടില്ലെന്ന് റവന്യു സെക്രട്ടറിയും ഹോം സെക്രട്ടറിയുമടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തങ്ങളോട് വെളിപ്പെടുത്തിയതെന്നും വി.ടി ബല്‍റാം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. 95 ശതമാനം ഇ-ഫയലിംഗ് നടന്നുകഴിഞ്ഞിട്ടുണ്ടെന്നുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എല്ലാം ഭദ്രമാണെന്ന സി.പി.ഐ.എം പ്രചാരണം തന്നെ ദുരൂഹമാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

വി.ടി ബല്‍റാം ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സ്ഥലം ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തീപിടിത്തമുണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്ത് വരെയാണ് പോയത്. അവിടെ വരെ പോകാനേ നമ്മളും ആഗ്രഹിച്ചിരുന്നുള്ളു. കൃത്യം സ്ഥലം ഒരു ക്രൈം സീന്‍ ആണല്ലോ നമ്മള്‍ അവിടേക്ക് പോകുന്നത് ശരിയല്ലല്ലോ.

റവന്യു സെക്രട്ടറിയും ഹോം സെക്രട്ടറിയും അടക്കം എട്ടോളം സീനിയര്‍ ഉദ്യോഗസ്ഥരോടൊപ്പമാണ് ഞങ്ങള്‍ അവിടേക്ക് ചെന്നത്. പൊളിറ്റിക്കല്‍ 2എ 2ബി 5 എന്നീ മൂന്ന് സെക്ഷനുകളിലായാണ് തീപിടിത്തം ഉണ്ടായിട്ടുള്ളതെന്ന് ഈ ഉദ്യോഗസ്ഥരാണ് ഞങ്ങളോട് പറഞ്ഞത്.

അവിടെ നൂറോളം ഫയലുകളെയെങ്കിലും ഈ തീപിടിത്തം ബാധിച്ചിട്ടുണ്ടാകാമെന്നും ഇതില്‍ തന്നെ പല ഫയലുകളും പേപ്പര്‍ ഫയലുകള്‍ മാത്രമാണെന്നും ഈ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തീപിടിത്തമുണ്ടായ സെക്ഷനുകളില്‍ ഇ-ഫയലിംഗ് മുഴുവനായിട്ടില്ലെന്നും അതിനാല്‍ ഈ പേപ്പര്‍ ഫയലുകള്‍ക്ക് ബാക്ക്അപ്പ് ഇല്ലെന്നും ഇവര്‍ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്.

ഈ സെക്ഷനുകളിലെ ഫയലുകളുടെ സ്വഭാവത്തെക്കുറിച്ചും ഏതെല്ലാം രീതിയിലുള്ള ഫയലുകളാണ് അവിടെ വരുന്നതെന്നും ഇവര്‍ വിശദീകരിച്ചിരുന്നു. വി.ഐ.പി സന്ദര്‍ശനങ്ങള്‍, മന്ത്രിമാരുടെ വിദേശയാത്രകള്‍, വി.ഐ.പി അല്ലാത്ത മറ്റു പ്രധാനപ്പെട്ട ആളുകളുടെ സന്ദര്‍ശനങ്ങള്‍, ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടികള്‍, രാജ്ഭവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ഈ സെക്ഷനുകളിലുണ്ടായിരുന്നത്.

അതില്‍ ഏതൊക്കെ ഫയലുകള്‍ നഷ്ടപ്പെട്ടുപോയി എന്നത് അറിയാനിരിക്കുന്നതേ ഉള്ളു. ചെറിയ തീപിടിത്തമാണോ വലിയ തീപിടിത്തമാണോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. സംഭവത്തിന്റെ അന്വേഷണറിപ്പോര്‍ട്ടും വിശദാംശങ്ങളും വരട്ടെ.

പക്ഷെ ഇന്നലത്തെ അവസ്ഥയില്‍ മൂന്ന് സെക്ഷനുകളില്‍ നിന്നും വലിയ തോതില്‍ കരിയും പുകയും ഉയര്‍ന്നിരുന്നു. ഈ സെക്ഷനുകളില്‍ നിന്നും 50 മീറ്റര്‍ മാറി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് ഉണ്ട്. അവിടെ വരെ കരിയും പുകയും പടര്‍ന്നിരുന്നെന്ന് അവിടെ സന്ദര്‍ശിച്ച സമയത്ത് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു. അതായത് അത്രയും തീ പടര്‍ന്നിട്ടുണ്ട്.

ഈ സെക്ഷനുകളില്‍ തന്നെ തീപിടിത്തമുണ്ടായതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടാക്കുന്നത്. വേറെ ഏതെങ്കിലും സെക്ഷനിലോ വകുപ്പിലോ ആയിരുന്നു ഈ തീപിടിത്തമുണ്ടായതെങ്കില്‍ നമുക്ക് ഈ വിഷയത്തെ അങ്ങനെ കാണാതിരിക്കാം. പക്ഷെ പൊളിറ്റിക്കല്‍ ജി.എ.ഡിയുടെ ഈ സെക്ഷനുകളെല്ലാം നിലവില്‍ തന്നെ വിവാദത്തിലായിരിക്കുകയാണല്ലോ.

ഈ സെക്ഷനുകളിലാണ് എന്‍.ഐ.എയുടെ അന്വേഷണം വരാനിരിക്കുന്നത്. ഇപ്പറഞ്ഞ ഉദ്യോഗസ്ഥനെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുള്ളതാണ്. ഈ സെക്ഷന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെയടക്കം എന്‍.ഐ.എ ചോദ്യം ചെയ്യാനിരിക്കുകയുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഈ തീപിടിത്തം സംശയങ്ങളുണ്ടാക്കുന്നത്.

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ അന്വേഷണം നടക്കുന്നതിനിടെ, ഫയലുകള്‍ നഷ്ടപ്പെട്ടില്ല, എല്ലാം ഇ-ഫയലിംഗ് നടത്തിക്കഴിഞ്ഞു എന്ന രീതിയില്‍ സി.പി.ഐ.എമ്മുകാര്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണം ദുരൂഹമാണ്. ഒന്നും നഷ്ടപ്പെട്ടില്ല…ഒന്നും നഷ്ടപ്പെട്ടില്ല…എന്ന് പ്രചാരണം നടത്തേണ്ട കാര്യമില്ലല്ലോ. നഷ്ടപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെന്നുള്ളതല്ലേ നമ്മള്‍ പ്രാഥമികമായി അനുമാനിക്കേണ്ടത്.

ഡോ.കൗശികന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്നലെ നിയമിച്ചിട്ടുണ്ട്. ആ അന്വേഷണ കമ്മിറ്റിക്ക് കൊടുത്തിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മൂന്നാമതായി പറയുന്നത്, ഏതെങ്കിലും ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ടോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വിലയിരുത്തണമെന്നാണ്. അപ്പോള്‍ കത്തിനശിച്ചിട്ടുണ്ടെന്നുള്ളത് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ കൃത്യമായി പറയുന്നുണ്ട്. മാത്രമല്ല ഭാവിയില്‍ ഫയലുകള്‍ നശിച്ചുപോകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

95 ശതമാനമൊക്കെ ഇ-ഫയലിംഗ് നടത്തിക്കഴിഞ്ഞു എന്നുള്ളതൊക്കെ ഒരു കമ്മച്ചം വെച്ച് പറയുകയാണ്. പ്രധാനപ്പെട്ട പല ഫയലുകളും നമ്മള്‍ കണ്ടിട്ടുള്ളത് പേപ്പര്‍ ഫയലുകളായി തന്നെയാണ്. വിവരാവകാശ നിയമപ്രകാരം ചോദിക്കുമ്പോള്‍ പോലും, ഫയലുകള്‍ കാണുന്നില്ല അല്ലെങ്കില്‍ നിയമസഭയില്‍ ഉത്തരം നല്‍കാനായി ആ ഫയല്‍ കൊണ്ടുപോയിരിക്കുകയാണ് അതിനാല്‍ ഇവിടെ അതിന്റെ വിവരങ്ങളൊന്നും ലഭ്യമാക്കാന്‍ പറ്റില്ല എന്നല്ലെമാണ് പലപ്പോഴും മറുപടി ലഭിക്കാറുള്ളത്.

ഇ-ഫയലിംഗ് ആണെങ്കില്‍ ഇങ്ങനെ മറുപടി തരേണ്ട കാര്യമില്ലല്ലോ, ഏത് വിവരാവകാശ അപേക്ഷക്കും കൃത്യമായി മറുപടി കൊടുക്കാമല്ലോ. അപ്പോള്‍ എല്ലാ ഫയലുകളും ഇ-ഫയല്‍ ആയിട്ടില്ല, ചിലതെല്ലാം പേപ്പര്‍ ഫയലുകളായി തന്നെയാണ് തുടരുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തമല്ലേ.

ഞങ്ങളോട് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നത്. നാളെ അത് പിന്‍വലിക്കാന്‍ സാധിക്കും. പക്ഷെ നിലവില്‍ ഈ സംഭവത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ എല്ലാം ഭദ്രമാണ് എന്നുപറയുന്നത് മൂടിവെക്കാനുള്ള ശ്രമം മാത്രമാണ്. അതിനെ മുഖവിലക്കെടുക്കാനാവില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വി ടി ബല്‍റാം

കോണ്‍ഗ്രസ് നേതാവ്, തൃത്താല എം.എല്‍.എ

We use cookies to give you the best possible experience. Learn more