| Saturday, 27th February 2021, 1:03 pm

പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഭൂമി തന്നെ വേണമോ ശ്രീ.എമ്മിന് നല്‍കാന്‍; പോകുന്നപോക്കില്‍ കടുംവെട്ടും ആര്‍.എസ്.എസ് പ്രീണനവും: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ. എമ്മിന് യോഗ സെന്റര്‍ തുടങ്ങാന്‍ നാല് ഏക്കര്‍ ഭൂമി പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. പാവപ്പെട്ടയാളുകള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള ഭൂമി തന്നെ വേണമോ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്‍കാനെന്ന് വി.ടി ബല്‍റാം ചോദിച്ചു. പോകുന്ന പോക്കില്‍ കടുംവെട്ടും ആര്‍.എസ്.എസ് പ്രീണനവുമാണ് പിണറായിയുടെ ഇരട്ട ലക്ഷ്യമെന്നും ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലമാണ് യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആര്‍.എസ്.എസ് സഹയാത്രികന് കൈമാറുന്നതെന്നതായി കാണുന്നതെന്നും ബല്‍റാം പറഞ്ഞു.

തലസ്ഥാനത്ത് നാലേക്കര്‍ സര്‍ക്കാര്‍ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീ.എം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ പിണറായി വിജയന്‍ ഗവണ്‍മെന്റിന് എന്തധികാരമാണുള്ളത്! പത്തു വര്‍ഷത്തേക്കെന്ന പേരില്‍ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാല്‍പ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാല്‍ മതി എന്നതാണല്ലോ കേരളത്തിന്റെ അനുഭവം.

ആരെങ്കിലും യോഗ സെന്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരില്‍ ഒരപേക്ഷയുമായി വന്നാല്‍ ചുമ്മാതങ്ങ് നല്‍കാനുള്ളതാണോ സര്‍ക്കാര്‍ വക ഭൂമി? തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഐ.ടി സംരംഭങ്ങള്‍ക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റോ മറ്റോ വഴി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടോയെന്നും ബല്‍റാം ചോദിച്ചു.

കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് വെച്ചുനല്‍കലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകള്‍ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേര്‍ക്കെങ്കിലും ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കാന്‍ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാനാണ് നാലേക്കര്‍ ഭൂമി നല്‍കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനമുണ്ടായത്. തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൈസിങ്ങ് ബോര്‍ഡിന്റെ കൈവശമുള്ളതാണ് സ്ഥലം.
യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ശ്രീ.എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍ സ്വദേശിയാണ്.

ശ്രീ.എമ്മിന് ഭൂമി അനുവദിച്ചു നല്‍കിയ നടപടിക്കെതിരെ എല്‍.ഡി.എഫിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.  യു.ഡി.എഫിന്റെ അവസാന കാലം സന്തോഷ് മാധവന് സഹായം നല്‍കിയപോലെയാണ് ഇപ്പോള്‍ ഇയാള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായമെന്നും അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പ്രതികരിച്ചിരുന്നു.

ആദിവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കൊടുക്കാന്‍ മൂന്ന് സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ശ്രീ.എം എന്നു സ്വയം വിളിക്കുന്ന ഒരു ആര്‍.എസ്.എസ് അനുകൂല വ്യക്തിക്ക് തിരുവനന്തപുരത്ത് നാല് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയ വാര്‍ത്തയോട് എത്ര ഇടതു ഹാന്റിലുകള്‍ പ്രതികരിക്കും എന്ന് നോക്കുകയാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content  Highlight: V T Balram MLA against CM Pinarayi Vijayan and LDF on giving govt land to Sree M for Yoga centre

We use cookies to give you the best possible experience. Learn more