കോഴിക്കോട്: അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്‌സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് പ്രധാനമെന്ന് വി.ടി ബല്‍റാം എം.എല്‍.എ.
സാംസ്‌കാരിക കുബുദ്ധികളുടെ കെണിയില്‍ വീഴാന്‍ താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും തൃത്താല എം.എല്‍.എ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പെരിയ ഇരട്ടകൊലപാത കേസില്‍ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു എന്ന് വിമര്‍ശിച്ച് എഴുത്തുകാരി കെ.ആര്‍ മീര എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വി.ടി. ബല്‍റാം എം.എല്‍.എയെ പരിഹാസപൂര്‍വം പരാമര്‍ശിച്ചിരുന്നു.
ഇതിന് ബല്‍റാം നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്‌സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തല്‍ക്കാലം പ്രധാനം.
അതു കൊണ്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സി.പി.ഐ.എമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തില്‍ അന്തര്‍ലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.
അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്‌ക്കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.