കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് എല്ലാക്കൊല്ലവും പാചകത്തിന് ടെന്‍ഡര്‍ നല്‍കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍.
ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അശോകന്‍ ചരുവിലിന്റേത് ഒരു ന്യായീകരണ ക്യാപ്‌സ്യൂളായാണ് തോന്നിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പറഞ്ഞത്.
അബ്രാഹ്‌മണര്‍ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങള്‍ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി കലോത്സവ വേദികള്‍ നാളെകളിലെങ്കിലും മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘ഭക്ഷണം പാചകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് ഒരു ന്യായീകരണ ക്യാപ്‌സ്യൂളിറങ്ങിയിട്ടുണ്ട്. ഏത് തൊഴിലിലും മാന്യത കണ്ടെത്താനും അഭിരുചിക്കനുസരിച്ച് സ്വയം സ്വീകരിക്കാനും ഏതെങ്കിലും വ്യക്തിക്ക് കഴിയുന്നുണ്ടെങ്കില്‍ അതയാളുടെ ഉയര്‍ന്ന സാമൂഹിക ബോധത്തിന്റെ സൂചനയായി നോക്കിക്കാണുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനെ പൊതുവല്‍ക്കരിച്ച് വാഴ്ത്തിപ്പാടുന്നതില്‍ വലിയ പിശകുണ്ട്, ചരിത്ര വിരുദ്ധതയുണ്ട്.
ഭക്ഷണം ബ്രാഹ്‌മണരേക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുള്ളൂ എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുന്‍പേയുള്ളതാണ്. പ്രധാന സദ്യകളുടെയൊക്കെ പാചകക്കാര്‍ അന്നേ ബ്രാഹ്‌മണര്‍ തന്നെയാണ്. ബ്രാഹ്‌മണരോ സവര്‍ണരോ അല്ലാത്തവര്‍ കൈകൊണ്ട് തൊട്ടാലോ അടുത്തെങ്ങാനും പോയാല്‍പ്പോലുമോ ഭക്ഷണം അശുദ്ധമാവുമെന്ന ജാതി, അയിത്ത സങ്കല്‍പ്പങ്ങളിലൂന്നിയ പ്രാകൃത ചിന്തയും ഇതിന് കാരണമായി ഉണ്ട്.
‘ശുദ്ധ’മായ വെജിറ്റേറിയന്‍ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്‌മണനും ഇന്നും കൂടുതല്‍ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കല്‍പ്പങ്ങള്‍ മനസ്സില്‍പ്പേറുന്നവര്‍ക്കാണ്. ഇപ്പോഴും കടുമാങ്ങ മുതല്‍ വറ്റല്‍ മുളക് വരെ ബ്രാഹ്‌മണരുടെ ലേബലിലാവുമ്പോള്‍ കൂടുതല്‍ വ്യാപാര വിജയം നേടുന്നതും മേല്‍പ്പറഞ്ഞ ജാതിബോധം പ്രബലമായിത്തന്നെ ഇവിടെ തുടരുന്നതിനാലാണ്.
യഥാര്‍ത്ഥത്തില്‍ നവോത്ഥാനത്തിന്റെ അട്ടിമറിയാണിത്. ജാതീയതയെ മറികടക്കുക എന്ന നവോത്ഥന ദൗത്യത്തിന്റെ പരാജയമാണിത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളിലടക്കം ശക്തമായി നിലനില്‍ക്കുന്ന ഈ നവോത്ഥാന വിരുദ്ധതയെയാണ് നാം തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും. അബ്രാഹ്‌മണര്‍ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങള്‍ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികള്‍ നാളെകളിലെങ്കിലും മാറട്ടെ,’ വി.ടി. ബല്‍റാം പറഞ്ഞു.
ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തില്‍ ഇത്തരമൊരു വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.