വി.എസിന്റെ കത്ത്: പി.ബിയുടെ നിലപാടിലുറച്ച് ബൃന്ദ കാരാട്ട്
Kerala
വി.എസിന്റെ കത്ത്: പി.ബിയുടെ നിലപാടിലുറച്ച് ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2014, 11:57 am

[]കണ്ണൂര്‍: ആര്‍.എം.പി നേതാവ് രമയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയിക്ക് കത്ത് നല്‍കിയ സംഭവത്തില്‍ പി.ബിയുടെ അഭിപ്രായത്തിലുറച്ചു കൊണ്ട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ താനില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ നിരാഹാര സമരം നടത്തിയത്.

ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച നടപടിയെ പി.ബി തള്ളിയിരുന്നു.

വി.എസിന്റേത് തെറ്റായ നടപടിയാണെന്നും വി.എസിന്റെ നിലപാട് പാര്‍ട്ടിയ്ക്ക് വിരുദ്ധമാണെന്നും പി.ബി വിലയിരുത്തിയിരുന്നു.

ഇതിനോട് യോജിച്ചു കൊണ്ടാണ് മുതിര്‍ന്ന നേതാവായ ബൃന്ദാ കാരാട്ട് രംഗത്തു വന്നിരിയ്ക്കുന്നത്.

വി.എസ് കത്തയച്ചത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായാണ് എന്നു തന്നെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വവും അഭിപ്രായപ്പെട്ടത്.

ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സി.പി.ഐ.എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു.

കത്തുമായി ബന്ധപ്പെട്ട്് സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.