എംപയര്‍ മാഗസിന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാന്‍ ഇടംപിടിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് കിങ് ഖാന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഷാരൂഖ് ഖാന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.
ഞാന്‍ ഒരു ഷാരൂഖ് ഫാനല്ലെന്നും എന്നാല്‍ പ്രശസ്ത ബ്രിട്ടീഷ് മാഗസിന്‍ എംപയറിന്റെ പട്ടികയില്‍ മികച്ച 50 അഭിനേതാക്കളില്‍ ഒരാളായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഒരു ഷാറൂഖ് ഖാന്‍ ഫാനല്ല . ഷാറൂഖിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന അഭിനേതാക്കള്‍ വേറെയുമുണ്ട്. എന്നാല്‍ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ മികച്ച 50 അഭിനേതാക്കളില്‍ ഒരാളായി ഷാറൂഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങള്‍ ഷാറൂഖ് ഖാന്‍,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാന്‍ മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്‌സ് തുടങ്ങി ഹോളിവുഡ് പ്രമുഖര്‍ക്കൊപ്പമാണ് ഷാരൂഖ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തില്‍ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനില്‍ നല്‍കിയിട്ടുള്ള പ്രൊഫൈലില്‍ പറയുന്നു.
അതേസമയം പത്താനിലെ ബിക്കിനി വിവാദം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലാണ് ബ്രിട്ടിഷ് മാഗസിന്റെ പട്ടികയില്‍ എക്കാലത്തെയും മികച്ച 50 താരങ്ങളില്‍ ഒരാളായി ഷാരൂഖ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ദീപിക പദുക്കോണും ഷാരൂഖ് ഖാനും ചേര്‍ന്ന് അഭിനയിച്ച പത്താന്‍ എന്ന സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഗാനത്തിനെതിരെ ഉയര്‍ന്നത്. പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്.
അതേസമയം ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചത്. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.
പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.
content highlight: v sivankutty wish sharukh ghan