| Thursday, 10th March 2022, 3:23 pm

തമ്മിലടിയും ചേരിതിരിവും അഴിമതിയുമായി അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവും; പരിഹസിച്ച് വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റുവാങ്ങിയ തോല്‍വിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.

മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതുകൊണ്ട് കോണ്‍ഗ്രസ് മത്സരിച്ചത് ബി.ജെ.പിക്കാണ് ഗുണം ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകില്ല എന്നാണ് പ്രവണതകള്‍ സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമായി.

വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത് മൂലം കോണ്‍ഗ്രസ് മത്സരിച്ചത് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്കാണ് ഗുണം ചെയ്തത്.

തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവും,’ ശിവന്‍കുട്ടി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ബി.ജെ.പി വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ക്യാമ്പ്.

നാലിടത്തും വന്‍ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഗോവയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോറ്റ് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഈ തോല്‍വി താങ്ങാനാകുന്നതല്ല.


Content Highlights: V Sivankutty trolls Congress party

Latest Stories

We use cookies to give you the best possible experience. Learn more