| Monday, 24th June 2024, 2:09 pm

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല; കണക്കുകൾ വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. മലപ്പുറം ജില്ലയിൽ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടി എം.എസ്.എഫ് പ്രതിഷേധം നടത്തിയിരുന്നു. സമാനമായ വിഷയത്തിൽ എസ്.എഫ്.ഐയും സമര രംഗത്തേക്ക് വന്നിരുന്നു. ജില്ലയിലും പുറത്തുമായി എത്ര സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും എത്ര ആളുകൾ ജോയിൻ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

14 ബാച്ചുകൾ മലപ്പുറം ജില്ലയിൽ ഷിഫ്റ്റ് ചെയ്ത് നൽകിയെന്നും ഇതിനു പുറമെ 84 അധിക സപ്ലിമെന്ററി ബാച്ചുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മലപ്പുറത്ത് സീറ്റ് അനുവദിച്ചില്ലെന്ന് ചിലർ വെറുതെ പ്രചരിപ്പിക്കുകയാണെന്നും മാധ്യമങ്ങൾ അതേറ്റു പിടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

‘എല്ലാ കുട്ടികൾക്കും കൃത്യമായ രീതിയിൽ തന്നെ സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഈ വസ്തുതകൾ അംഗീകരിക്കാതെയാണ് ഒന്നാം ഘട്ട അലോട്മെന്റ്‌ തുടങ്ങുന്നതിനു മുമ്പ് തന്നെ എം.എസ്.എഫ് വെറുതെ സമരം ആരംഭിച്ചത്,’ മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിൽ അപേക്ഷിച്ച 82466 പേരിൽ 4352 പേർക്ക് മറ്റ് ജില്ലയിൽ പ്രവേശനം ലഭിച്ചുവെന്നും അതിൽ 543 പേർക്ക് തൃശൂരും പാലക്കാട് 2370 പേർക്കും പ്രവേശനം ലഭിച്ചെന്നും മന്ത്രി പറഞ്ഞു. 1383 പേർക്ക് കോഴിക്കോട് പ്രവേശനം ലഭിച്ചു.

അലോട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടാത്ത 11546 പേരുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അവർക്ക് ഇഷ്ടപെട്ട സീറ്റോ ഇഷ്ടപെട്ട സ്ഥലമോ കിട്ടാത്തത് കൊണ്ട് അവർ ജോയിൻ ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സീറ്റില്ലെന്നത് വ്യാജപ്രചരണം ആണെന്നും മന്ത്രി പറഞ്ഞു.

Content Highlight: v.sivankutty talk about the  plus one seat allotment issue

We use cookies to give you the best possible experience. Learn more