| Friday, 5th May 2023, 3:24 pm

'ഒറിജിനല്‍ കേരള സ്റ്റോറിയുടെ റിലീസ് ഇന്നലെ'; എ.ആര്‍ റഹ്‌മാന്റെ പോസ്റ്റ് പങ്കുവെച്ച് വി.ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ എ.ആര്‍.റഹ്‌മാന്റെ പോസ്റ്റ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ‘ഒറിജിനല്‍ കേരള സ്റ്റോറിയുടെ റിലീസ് ഇന്നലെയായിരുന്നു’എന്ന ക്യാപഷനോടു കൂടിയാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

2021 ജനുവരിയില്‍ കായംകുളം ചേരാവളളി മസ്ജിദില്‍ വെച്ച് നടന്ന കല്യാണ വീഡിയോയിരുന്നു എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ചത്.

‘ ഇതാ മറ്റൊരു കേരള സ്റ്റോറി’ എന്ന ക്യാപ്ഷനില്‍ കോമ്രൈഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച് ചേരാവള്ളൂര്‍ കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ റിപ്പോര്‍ട്ടാണ് എ.ആര്‍ റഹ്‌മാന്‍ തന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തത്.

‘അഭിനന്ദനങ്ങള്‍, മനുഷ്യത്വത്തോടുള്ള സ്നേഹം ഉപാധികളില്ലാത്ത സ്വാന്തനവുമായിരിക്കും’ എന്നാണ് എ.ആര്‍ റഹ്‌മാന്‍ ഈ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

കായംകുളം ചേരാവളളിയില്‍ 2020 ജനുവരി 19 നായിരുന്നു മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഹിന്ദു ആചാര പ്രകാരം അഞ്ജു-ശരത്ത് ദമ്പതികളുടെ വിവാഹം നടന്നിരുന്നത്.

കല്യാണത്തിന് രണ്ട് വര്‍ഷം മുമ്പ് അഞ്ജുവിന്റെ പിതാവ് അശോകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. തുടര്‍ന്നാണ് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ കല്യാണം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. ഈ സംഭവമാണ് കേരളത്തെ സംബന്ധിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കേരള സ്റ്റോറി സിനിമയുടെ പശ്ചാത്തലത്തില്‍ എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ചത്.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. ഐ.എസ് റിക്രൂട്ട്‌മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയ്ലര്‍ റിലീസിന് പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതുവലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

അതേസമയം, ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. ഇതൊരു ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

Content Highlight: V. Sivankutty shares A.R. Rahman Post On Kerala Wedding on Mosque

We use cookies to give you the best possible experience. Learn more