തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി തനിക്ക് പൂര്‍ണ്ണബോധ്യമുണ്ടെന്ന് നിയുക്ത വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്പോള്‍ ആവേശമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രായോഗിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെപ്പറ്റി മനസ്സിലാക്കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ കൃത്യമായി അറിയാമെന്നും മന്ത്രി പറഞ്ഞു.
‘കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല. പ്രയോജനപ്പെടുന്ന നിലയില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് വേണ്ടത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി തീരുമാനങ്ങള്‍ നടപ്പാക്കും,’ ശിവന്‍കുട്ടി പറഞ്ഞു.
പ്രധാനപ്പെട്ട് രണ്ട് വകുപ്പുകളാണ് മുഖ്യമന്ത്രി തന്നെ ഏല്‍പ്പിച്ചതെന്നും അവ മുഖ്യമന്ത്രി ആഗ്രഹിക്കുന്ന പോലെ തന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ ഉത്തരവാദിത്വം വലുതാണ്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തുവെച്ച നല്ല കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകും. കുട്ടികള്‍ക്ക് റിവിഷന്‍ ക്ലാസ് ഓണ്‍ലൈനായി നല്‍കുന്ന കാര്യം ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു. പാഠപുസ്തകങ്ങളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 500താഴെ വരുന്ന ആളുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: V Sivankutty Response After Swearing As Education Minister