തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. നാളെ വൈകുന്നേരം മന്ത്രിയുടെ ചേംബറില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ആശമാരുമായി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് നേരത്തെയും മന്ത്രി അയച്ചിരുന്നു. മൂന്ന് തവണ ആരോഗ്യമന്ത്രിയുമായും ആശാവര്‍ക്കര്‍മാര്‍ ചര്‍ച്ച നടത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല.
വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 56ാം ദിവസമാണ്. 18 ദിവസമായി ചില ആശവര്‍ക്കര്‍മാര്‍ നിരാഹാരവുമിരിക്കുന്നുണ്ട്.
വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം തുടരുന്നത്. വേതനം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
സമരത്തിന് നേരത്തെ ഐ.എന്‍.ടി.യു.സിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഐ.എന്‍.ടി.യു.സി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനാണ് പിന്തുണ പ്രഖ്യാപിച്ചത്.
Content Highlight: V. Sivankutty calls Asha workers for discussion; meeting tomorrow at 3 pm