| Friday, 4th August 2023, 8:58 pm

മിത്തിസം മന്ത്രി പ്രയോഗം: സലിം കുമാര്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു: ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിക്കണമെന്ന നടന്‍ സലിം കുമാറിന്റെ പരാമര്‍ശം ശരിയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സലിം കുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സലിം കുമാര്‍ ഈ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

‘ബഹു. ദേവസ്വം മന്ത്രി ശ്രീ.കെ. രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്തുമണി എന്നും പരാമര്‍ശിച്ച ചലച്ചിത്ര താരം ശ്രീ.സലിം കുമാറിന്റെ നടപടി ഒട്ടും ശരിയായില്ല.

സലിം കുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു. കെ. രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജന നേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിം കുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലിം കുമാര്‍ ഈ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ശിവന്‍ കുട്ടി പറഞ്ഞു.

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശാസ്ത്രം- മിത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സലിം കുമാര്‍ പ്രതികരിച്ചത്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നാണെന്നും ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിക്കണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്,’ എന്നാണ് സലിം കുമാര്‍ പറഞ്ഞത്.

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ ബി.ജെ.പിയും എന്‍.എസ്.എസും വലിയ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലായിരുന്നു സലിം കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

അതേസമയം, തന്റെ പരാമര്‍ശം ഏതെങ്കിലും ഒരു മത വിഭാഗത്തെ വേദനിപ്പിക്കുന്നതല്ലെന്നും ഭരണഘടനാ സ്ഥാപനത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം ഷംസീര്‍ നല്‍കിയ വിശദീകരണം. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: v.sivankutty against salim kumar

We use cookies to give you the best possible experience. Learn more