| Saturday, 20th July 2024, 8:30 pm

എം.കെ. മുനീറിന്റെ സത്യഗ്രഹം വെറും പ്രകടനം മാത്രം;തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ താനുമായി യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ല: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : മുസ്‌ലിം ലീഗ് എം.എല്‍.എ എം. കെ മുനീര്‍ സത്യഗ്രഹം അവസാനിപ്പിച്ചത് താനുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയുടെ തീരുമാനപ്രകാരമാണെന്ന ലീഗിന്റെ വാദം തള്ളി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. എം. കെ. മുനീര്‍ സത്യഗ്രഹം ആരംഭിക്കുമ്പോഴോ അവസാനിപ്പിക്കുമ്പോഴോ ഇക്കാര്യം മുന്‍നിര്‍ത്തി താനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

‘മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ 138 അധിക ബാച്ചുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയുണ്ടായി. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ നിയമസഭയില്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും വരെ സ്വാഗതം ചെയ്യുകയുണ്ടായി. മറ്റെവിടെയെങ്കിലും അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെങ്കില്‍ അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നതാണ് അന്ന് മുതലുള്ള നിലപാട്,’ മന്ത്രി പറഞ്ഞു.

കോഴിക്കോട് പ്ലസ് വണ്‍ സീറ്റ് കുറവുണ്ടെന്ന് കാട്ടി എം. കെ മുനീര്‍ എം.എല്‍.എ ഒരു നിവേദനം പോലും പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ തനിയ്ക്ക് തന്നിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. സത്യഗ്രഹത്തിനിടെ എം. കെ മുനീറിന്റെ ആരോഗ്യം മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവ് വി. ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയും താനുമായി ആശയവിനിമയം നടത്തിയിരുന്നു.

ഇക്കാര്യം അപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അടിയന്തിര ശ്രദ്ധ പതിയേണ്ട മേഖലകള്‍ ഉണ്ടെങ്കില്‍ അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന മുന്‍നിലപാട് തുടരാന്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. വാസ്തവം ഇതായിരിക്കെ സത്യഗ്രഹം വന്‍വിജയം എന്ന് പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു എം. കെ. മുനീര്‍ ചെയ്തത്. അനിശ്ചിതകാലം എന്ന് പറഞ്ഞ് ആരംഭിച്ച സത്യഗ്രഹം വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ചപ്പോള്‍ തന്നെ സമരം പ്രഹസനമാണെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളുടെയും അവകാശം ആരാണ് എം.കെ. മുനീറിന് നല്‍കിയതെന്നും മന്ത്രി ചോദിച്ചു.

ജൂലൈ 19 മുതല്‍ ആയിരുന്നു കോഴിക്കേട് ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ എം.കെ. മുനീര്‍ സത്യഗ്രഹം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വിളിച്ച് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്നാണ് എം.കെ. മുനീർ മാധ്യമങ്ങളോട് പറഞ്ഞത്. മലബാറില്‍ ആവശ്യത്തിന് സീറ്റുകൾ അനുവദിക്കുമെന്നാണ് മന്ത്രി ഉറപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: v sivankutty against mk muneer about plus one seat protest

We use cookies to give you the best possible experience. Learn more