Kerala News
സ്വന്തം സഹോദരി ബി.ജെ.പിയിലേക്ക് പോകുന്നതു പോലും തടയാന്‍ കഴിയാത്ത നേതാവാണ് കെ. മുരളീധരന്‍; മന്ത്രി വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 08, 11:17 am
Friday, 8th March 2024, 4:47 pm

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഒരു കോണ്‍ഗ്രസ് നേതാക്കളെയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങലിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വസ്ത്രം മാറുന്നതു പോലെയാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറുന്നത്. വാഗ്ദാനങ്ങള്‍ക്കും ഭീഷണിക്കും മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. ഇനി ഇവര്‍ ജയിച്ചാലും മതനിരപേക്ഷ സഖ്യത്തിനൊപ്പം നില്‍ക്കണമെന്നില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് വളര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ ബി.ജെ.പി നേതാക്കളും മിതത്വം പുലര്‍ത്തുന്നത് അതുകൊണ്ടാണ്.

ഇരുട്ടി വെളുക്കുമ്പോഴേക്കും പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടുകയാണ്. സ്വന്തം സഹോദരി ബി.ജെ.പിയിലേക്ക് പോകുന്നതു പോലും തടയാന്‍ കഴിയാത്ത നേതാവാണ് കെ. മുരളീധരന്‍. നേതാക്കള്‍ മറുകണ്ടം ചാടുന്നത് തടയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും കഴിയുന്നില്ല,’ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ നിന്നും നേരിട്ട അവഗണന കാരണമാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ എത്തിയതെന്ന് പത്മജ വേണുഗോപാല്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ പാര്‍ട്ടി വിടും എന്നും താന്‍ മൂന്ന് കൊല്ലം മുമ്പ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ ഇങ്ങോട്ട് സമീപനവുമായി എത്തുകയായിരുന്നെന്ന് പത്മജ പറഞ്ഞു.
അതേസമയം ഇലക്ഷന് വേണ്ടി പലരുടെയും അടുത്തുനിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ടെന്നും പത്മജ ആരോപിച്ചു.

 

Content Highlight: V. Sivankutty Against Congress Leaders