ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകള്‍ക്ക് തീറെഴുതരുത്; കേന്ദ്ര സര്‍ക്കാരിനോട് ഡോ. വി. ശിവദാസന്‍ എം.പി
Kerala News
ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകള്‍ക്ക് തീറെഴുതരുത്; കേന്ദ്ര സര്‍ക്കാരിനോട് ഡോ. വി. ശിവദാസന്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th September 2022, 5:47 pm

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകളുടെ കയ്യിലൊതുക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് യൂണിയന്‍ ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാലക്ക് ഡോ. വി.ശിവദാസന്‍ എം.പി കത്ത് നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ നടപടി ചെറുകിട മത്സ്യത്തൊഴിലാളികള്‍ ആഴക്കടലിലെ മത്സ്യബന്ധനത്തില്‍ നിന്ന് പുറത്താകാന്‍ കാരണമാകുമെന്നും വി.ശിവദാസന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

‘2022-ലെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ മത്സ്യ ബന്ധന യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശത്തില്‍ യൂണിയന്‍ ഗവണ്‍മെന്റ് കനത്ത പെര്‍മിറ്റ് ഫീസ് ആണ് നിര്‍ദേശിച്ചിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍.

അനുവദിച്ചിട്ടുള്ള എല്ലാ പെര്‍മിറ്റുകള്‍ക്കും രണ്ട് വര്‍ഷത്തേക്ക് മാത്രമേ സാധുതയുള്ളൂവെന്നും കനത്തതുകകള്‍ അടച്ച് ഓരോ രണ്ട് വര്‍ഷത്തിലും പെര്‍മിറ്റ് പുതുക്കേണ്ടതുണ്ടെന്നും കരട് മാര്‍ഗനിര്‍ദേശങ്ങളുടെ ഖണ്ഡിക 4.0 പറയുന്നു.

ഇരുപത്തിനാല്(24) മീറ്ററില്‍ കൂടുതല്‍ നീളമുള്ള ബോട്ടുകള്‍ക്ക് പെര്‍മിറ്റ് ഫീസായി അഞ്ച് ലക്ഷം രൂപ നല്‍കണം. പതിനഞ്ച് (15) മുതല്‍ ഇരുപത്തിനാല് (24) മീറ്റര്‍ വരെ നീളമുള്ള ബോട്ടുകള്‍ക്ക് ഒരു ലക്ഷം രൂപയും പന്ത്രണ്ട് (12) മുതല്‍ പതിനഞ്ച് (15) മീറ്റര്‍ വരെ നീളമുള്ള ബോട്ടുകള്‍ക്ക് അമ്പതിനായിരം രൂപയും നല്‍കണം.

ഈ ഭീമമായ തുകകള്‍ ചെറുകിട മത്സ്യത്തൊഴിലാളികള്‍ ആഴക്കടലിലെ മത്സ്യബന്ധനത്തില്‍ നിന്ന് പുറത്താകാന്‍ കാരണമാകും. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ കേരളത്തിലെ ഹാര്‍ബറുകളിലെ മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കും,’ വി. ശിവദാസന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.

കേരളതീരത്ത് ഇരുനൂറ് നോട്ടിക്കല്‍ മൈലിന് പുറത്തുള്ള ആഴക്കടലിലാണ് ഇന്ന് ലോകത്ത് മഞ്ഞച്ചൂരയും നെയ്മീനും കൂടുതലുള്ളത്. ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ചൈന, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വന്‍കിട ബോട്ടുകള്‍ ഇവ ചൂഷണം ചെയ്ത് കോടികളാണ് കൊയ്യുന്നത്. ഇവിടെ മത്സ്യബന്ധനത്തിന് 16 സഹകരണ സംഘങ്ങള്‍ക്കായി 41 ആഴക്കടല്‍ബോട്ടുകള്‍ നിര്‍മിച്ച് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചത്.

CONTENT HIGHLIGHTS:  V. Sivadasan MP gave the letter requested to withdraw from the process of handing over deep sea fishing to monopolies Minister of Union Fisheries Department Parshotham Rupalak