ന്യൂദൽഹി: ദൽഹിയിലെ രാജേന്ദ്ര നഗറിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി ഒരു മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാജ്യസഭാ എം.പിയും എസ്.എഫ്.ഐയുടെ മുൻ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന വി. ശിവദാസൻ. ദൽഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരകളാണ് മരണപ്പെട്ട വിദ്യാർത്ഥികളെന്ന് അദ്ദേഹം പറഞ്ഞു.
സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ച ദാരുണമായ സംഭവം ഏറ്റവും വേദനയുളവാക്കുന്നതാണെന്ന് അദ്ദഹം പറഞ്ഞു.
‘ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന കോച്ചിങ്ങ് കേന്ദ്രങ്ങൾ നിരവധിയാണ്. വിദ്യാർത്ഥികളുടെ സുരക്ഷ എന്നത് അവരുടെ പരിഗണയിൽ ഇല്ല. ലാഭം മാത്രമാണ് ലക്ഷ്യം. എല്ലാ ചട്ടങ്ങളും ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അതിനനുവാദം നൽകുന്നവർക്കുമെതിരെ ശക്തമായ നടപടി വേണം,’വി. ശിവദാസൻ പറഞ്ഞു.
അതോടൊപ്പം തകരാറിലായ ഡ്രൈനേജ് സംവിധാനങ്ങൾക്ക് ഉത്തരവാദികൾ ആയവരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ മൂക്കിന് താഴെയാണ് ഈ ദാരുണസംഭവം അരങ്ങേറുന്നത്. ദൽഹിയിലെ മുഖ്യമന്ത്രി അടക്കം ജയിലിലാണ്. പ്രസിഡന്റ് എസ്റ്റേറ്റിന് മുൻപിൽ പോലും മഴ പെയ്താൽ വെള്ളം നിറഞ്ഞു യാത്ര തടസപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവൻ കുരുതി കൊടുത്തും രാഷ്ട്രീയലാഭം വേണം എന്ന ചിന്തയാണ് കേന്ദ്രസർക്കാരിനുള്ളത്. ദൽഹിയിൽ ജീവനക്കാരുടെ വേതനം പോലും തടഞ്ഞു വെക്കുകയും ഭരണത്തിൽ ഇടപെടാൻ ലെഫ്റ്റനന്റ് ഗവർണർക്ക് സുപ്രീം കോടതി വിധിയെ മറി കടന്നു ഭേദഗതി കൊണ്ട് വരികയും ചെയ്ത ബി.ജെ.പി സർക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മലയാളി വിദ്യാർത്ഥി അടക്കം മൂന്ന് പേർ മരിച്ചത്. എറണാകുളം സ്വദേശി നവീൻ ഡാൽവിനാണ് മരിച്ച മലയാളി.
Content Highlight: V. Sivadasan ab0ut Delhi Coaching Centre Flooded