തിരുവനന്തപുരം: ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമന്റിന് കിടിലന്‍ മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ‘സഖാവെ, വയറ് അല്‍പം കുറയ്ക്കണം കേട്ടോ’ എന്നാണ് വി. ശിവന്‍കുട്ടി പ്രൊഫൈല്‍ പിക്ചറായി പങ്കുവെച്ച കാറില്‍ ഇരിക്കുന്ന ചിത്രത്തിന് താഴെ ഒരാള്‍ കമന്റിട്ടത്.
സനോജ് തെക്കേക്കര എന്ന പ്രൊഫൈലില്‍ നിന്നാണ് ഇത്തരം ഒരു കമന്റ് വന്നത്. എന്നാല്‍ കമന്റിന് മന്ത്രി നല്‍കിയ മറുപടിയാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. ബോഡി ഷെയ്മിങ് ഹീനമായ കാര്യമാണെന്നാണ് ശിവന്‍കുട്ടിയുടെ മറുപടി.
‘ബോഡി ഷെയ്മിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്,’ എന്നാണ് മറുപടിയായി ശിവന്‍കുട്ടി എഴുതിയത്.
അതേസമയം, താന്‍ ഉദ്ദേശിച്ചത് ബോഡി ഷെയ്മിങ് അല്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം എന്ന കമന്റുമായി യുവാവ് വീണ്ടും രംഗത്തെത്തി.
‘വയറു കുറക്കണം എന്നത് ബേഡി ഷെയിമിംഗായി തോന്നിയെങ്കില്‍ ക്ഷമിക്കുക. ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ.
താങ്കള്‍ ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങിനെ കമന്റ് ചെയ്യേണ്ടിവന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമ കൂടിയാണ്,’ എന്നായിരുന്നു മന്ത്രിക്ക് യുവാവിന്റെ മറുപടി.
CONTENT HIGHLIGHT: V. Shivankutty’s reply that body shaming is the worst, Comment on ‘Comrade, did you hear that you should reduce your stomach a bit’